അനഭിമതനായിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ എങ്ങനെ അഭിമതനായി? യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച് പിണറായി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലത്ത് മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവർ ഭരണം ലഭിച്ചപ്പോൾ അനുഗ്രഹം വാങ്ങാൻ വരിനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൻ.ഡി.എയുടെ ഭാഗമാണ് വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസ്. അദ്ദേഹം മുഖ്യമന്ത്രിയുടെ വീട്ടിലെത്തി അഭിവാദ്യം അർപ്പിക്കുന്നു. അനഭിമതനായിരുന്ന വെള്ളാപ്പള്ളി കുറച്ചുദിവസങ്ങൾകൊണ്ട് ഇവർക്കെങ്ങനെയാണ് അഭിമതനായത്? തെരഞ്ഞെടുപ്പുകാലത്തെ പ്രചാരണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണോ ഇത് വ്യക്തമാക്കുന്നത്?
‘ദേശാഭിമാനി’യിലും ‘ജനയുഗ’ത്തിലും ഇന്ന് പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെയാണ് പിണറായി യു.ഡി.എഫിനെതിരെ ആഞ്ഞടിച്ചത്.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരുമാസമാകുമ്പോൾ നിലപാടുകളിൽനിന്ന് പുറകോട്ടുപോകുന്ന കാഴ്ചയാണെന്നും കുറ്റപ്പെടുത്തി. നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവകാശപ്പെടുന്നതെങ്കിലും അതിനു കടകവിരുദ്ധമാണ് തീരുമാനങ്ങളെല്ലാം. കേരളത്തെ സാമ്പത്തികമായി തളർത്തുന്ന കേന്ദ്ര ഉപരോധങ്ങളെയും രാഷ്ട്രീയവിവേചനത്തെയും കണ്ടില്ലെന്നു നടിക്കുകയാണ്.
പി.എം ശ്രീ വിഷയത്തിൽ വലിയ കോലാഹലമാണ് യു.ഡി.എഫ് ഉണ്ടാക്കിയത്. എൽ.ഡി.എഫ് എം.ഒ.യു ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നിർത്തിവെക്കാൻ തീരുമാനിച്ചു. രേഖാമൂലംതന്നെ കത്ത് കേന്ദ്രത്തിന് നൽകുകയും ചെയ്തു. അതുപ്രകാരം പദ്ധതി നടപ്പാക്കാൻ സാധിക്കില്ല. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടതിനാൽ നടപ്പാക്കാതെ പറ്റില്ലെന്ന വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വളരെമുമ്പുതന്നെ പി.എം ശ്രീയിൽ ഒപ്പുവെച്ചതാണ്. കോൺഗ്രസിന് പദ്ധതിയോടുള്ള അനുകൂലസമീപനം ഇതിൽനിന്ന് വ്യക്തമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
വലതുപക്ഷ കോർപറേറ്റ് ദാസ്യമാണ് യു.ഡി.എഫ് നടപ്പാക്കുന്നതെന്നും വിമർശനമുന്നയിച്ചു. ജനക്ഷേമ മാതൃകകളെ തകർക്കുന്ന സ്വകാര്യവത്കരണവും സംഘപരിവാർ പ്രീണനവുമായിരിക്കും ഈ യു ടേണിന്റെ ദിശ നിശ്ചയിക്കുക. യു.ഡി.എഫ് വാഗ്ദാനങ്ങളെല്ലാം കേവലം വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങി.
യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന പുതുയുഗം, കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കംവെക്കാനുള്ള മുദ്രാവാക്യം മാത്രമാണെന്ന സൂചനയാണ് കഴിഞ്ഞ ഒരുമാസം വെളിവാക്കുന്നതെന്ന് വിലയിരുത്തിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

