തൃശൂരിലും തിരുവന്തപുരത്തും വോട്ട്, സുരേഷ് ഗോപി ചട്ടം ലംഘിച്ചുവെന്ന് വ്യാപക വിമർശനം
text_fieldsതൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും രണ്ടിടത്ത് വോട്ട് ചെയ്തതിൽ വ്യാപക വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്തത് എങ്ങനെയെന്നതിന് വിശദീകരണം നൽകണമെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം നല്‍കണമെന്നും വി.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
'2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിൽ ത്സതൃശ്ശൂരില്‍ സ്ഥിരതാമസമാണെന്ന് പറഞ്ഞ് നെട്ടിശ്ശേരിയിലാണ് വോട്ട് ചെയ്തത്.
ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ഇതിന് ഇലക്ഷന്‍ കമ്മീഷനും കേന്ദ്രമന്ത്രിയും മറുപടി നല്‍കണം', സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സുനില്‍ കുമാര്‍ കമീഷനോട് മറുപടി ആവശ്യപ്പെട്ടത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ശാസ്തമംഗലത്ത് വോട്ട് ചെയ്തത് ശരിയായില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. രണ്ടിടത്ത് വോട്ട് ചേര്‍ക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നയിരുന്നു മുരളിയുടെ പ്രതികരണം.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ശാസ്തമംഗലത്ത് വോട്ട് രേഖപ്പെടുത്തിയതിലൂടെ അദ്ദേഹത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് തൃശൂർ ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. ഉരച്ചു നോക്കാതെ ചെമ്പ് പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കേസെടുക്കാൻ കഴിയുന്ന കാര്യമാണിത്. തൃശൂരിലെ ജനങ്ങളെ ചതിച്ചതിന് സുരേഷ് ഗോപി മാപ്പ് പറയണം. എം.പി സ്ഥാനം രാജിവെക്കുകയും വേണം.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ താൻ തൃശൂർക്കാരനാണെന്നും തൃശൂരിലാണ് താമസിക്കുന്നതെന്നും പറഞ്ഞാണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്. താൻ തൃശൂരാണ് എന്ന് പറഞ്ഞ് വോട്ട് ചെയ്യുക, എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്യുക. സുരേഷ് ഗോപി മാപ്പ് പറയണമെന്നും തൃശൂർ ഡി.സി.സി അധ്യക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

