കൊറിയൻ സുഹൃത്തിന്‍റെ മരണം അവൾ അറിഞ്ഞതെങ്ങനെ? ആരോ കബളിപ്പിച്ചതാണെന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ പിതാവ്
text_fieldsകൊച്ചി: ചോറ്റാനിക്കരയിൽ 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും നാട്ടിലുള്ള ആരോ മകളെ കബളിച്ചതാകാനാണ് സാധ്യതയെന്നും പെൺകുട്ടിയുടെ പിതാവ് മഹേഷ് പറഞ്ഞു.
ആരൊക്കയോ എന്തൊക്കയോ ഒളിക്കുന്നുണ്ട്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ് മനം നൊന്താകാം അവളുടെ മരണമെന്നും പിതാവ് പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊറിയൻ ഭാഷ പഠിക്കാൻ മകൾ ആഗ്രഹിച്ചിരുന്നു. മകളുടെ താൽപര്യം അറിഞ്ഞ ആരോ പറ്റിച്ചതാണ്. മകളുടെ സുഹൃത്തുക്കൾ കൂടുതൽ വിവരങ്ങൾ പറഞ്ഞിട്ടില്ല. കൊറിയയിൽ പോയി ജോലി ചെയ്യണമെന്ന് മകൾ പറഞ്ഞിരുന്നു. എട്ടാം ക്ലാസ് മുതൽ മകൾക്ക് കൊറിയൻ ഭാഷ പഠിക്കാൻ താൽപര്യമുണ്ടായിരുന്നു. അതിനുള്ള എല്ലാ സൗകര്യങ്ങളും താൻ ചെയ്തു കൊടുത്തിരുന്നു
സ്കൂളിൽ ഫോൺ കൊണ്ട് പോയത് വീട്ടുകാരുടെ അറിവോടെയാണ്. ഒരിക്കൽ വീണ് പരിക്ക് പറ്റിയപ്പോൾ സുരക്ഷക്കായാണ് കൊടുത്തുവിട്ടത്. കൊറിയയിൽ നിന്നെന്ന പേരിൽ ഒരു സമ്മാനം ഒരിക്കൽ വീട്ടിൽ കൊണ്ടു വന്നിരുന്നു. ആരോ പറ്റിച്ചതാണ് എന്ന് അന്ന് തന്നെ മോളോട് പറഞ്ഞിരുന്നു. കൊറിയയിലുണ്ടെന്ന് പറയുന്ന സുഹൃത്ത് വാഹനാപകടത്തിൽ മരിച്ച വിവരം മകൾ എങ്ങനെ അറിഞ്ഞു എന്നാണ് മനസിലാകാത്തത്. മാധ്യമങ്ങളിലൊന്നും വരാത്ത ഈ വിവരം ആരോ മകളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങൾ തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

