ഭവന സെൻസസ്: ഇനി മൂന്ന് നാൾ; സെൽഫ് എന്യുമറേഷൻ ഇഴയുന്നു
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ ഭവന സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനുള്ള സമയപരിധി തീരാൻ മൂന്ന് നാൾ മാത്രം ശേഷിക്കുമ്പോഴും വേണ്ടത്ര പങ്കാളിത്തമോ പ്രതികരണമോ ഇല്ലാതെ സെൽഫ് എന്യൂമറേഷൻ. ലഭ്യമായ വിവരങ്ങൾ പ്രകാരം എറണാകുളത്ത് മാത്രമാണ് അപേക്ഷകരുടെ എണ്ണം ലക്ഷം (1,04,491) പിന്നിട്ടത്.
ജൂൺ 26ലെ കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ളത് മലപ്പുറമാണ്. ഇവിടെ വിവരങ്ങൾ നൽകിയത് 48,457 പേർ. മൂന്നാമതുള്ള തിരുവനന്തപുരത്ത് 46,706 പേർ മാത്രവും. സംസ്ഥാന തലത്തിൽ ആകെ എത്രപേർ എന്നത് സംബന്ധിച്ച് കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. നിലവിലെ കണക്കുകൾ പ്രകാരം മറ്റ് ജില്ലകളിലെല്ലാം 46000 ന് താഴെയാണ്. ശരാശരി 30,000 പേർ ശേഷിക്കുന്ന ജില്ലകളിൽ സെൽഫ് എന്യൂമറേഷൻ നടത്തിയതായി കണക്കാക്കിയാൽ തന്നെ സംസ്ഥാനത്താകെ വിവരങ്ങൾ സമർപ്പിച്ചവർ 5.25 ലക്ഷം പേർ മാത്രമാകും.
സംസ്ഥാനത്തെ ആകെ കെട്ടിടങ്ങളെ 150-200 വീതമുള്ള ബ്ലോക്കുകളായി തിരിച്ചാണ് സെൻസസിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്. കേരളത്തിൽ 59,300 സെൻസസ് ബ്ലോക്കുകളാണുള്ളത്. ഒരു ബ്ലോക്കിൽ ശരാശരി 175 വീടുകൾ എന്ന നിലയിൽ കണക്കാക്കിയാൽ പോലും ഒരു കോടി (10,377,500) കെട്ടിടങ്ങളാണ് സംസ്ഥാനത്തുള്ളത്. അതായത് ആകെ കെട്ടിടങ്ങളുടെ 5.59 ശതമാനം പേർ മാത്രമേ സെൽഫ് എന്യൂമറേഷന് തയ്യാറായിട്ടുള്ളൂ.
ഉയർന്ന സാക്ഷരതാ നിരക്കും വിപുലമായ ഡിജിറ്റൽ സാക്ഷരതയും മെച്ചപ്പെട്ട ഡിജിറ്റൽ സൗകര്യങ്ങളുമുള്ള കേരളത്തിൽ ഭൂരിഭാഗം കുടുംബങ്ങളും സൗകര്യം ഉപയോഗിക്കുമെന്ന പ്രതീക്ഷ ഇതോടെ തെറ്റി. ലളിതമായ പ്രക്രിയയായിട്ടും ആളുകൾ വിമുഖത കാട്ടിയതിന് പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. സെൽഫ് എന്യൂമറേഷൻ നിർബന്ധമല്ലെന്നും ഓൺലൈൻ വഴി വിവരങ്ങൾ നൽകാത്തവരുടെ വീടുകളിൽ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിക്കുമെന്നും വ്യക്തമാക്കിയതിനാൽ ജനങ്ങൾ ഗൗരവത്തിൽ എടുത്തില്ല.
സ്വയം വിവരങ്ങൾ നൽകാനുള്ള പ്രയത്നം ഒഴിവാക്കാൻ ഭൂരിപക്ഷം പേരും എന്യൂമറേറ്റർ നേരിട്ടെത്തട്ടെയെന്ന് തീരുമാനിച്ചു. ലോഗിൻ ചെയ്ത ശേഷം ഉപയോക്താക്കൾ വീടിന്റെ സ്ഥാനം ഭൂപടത്തിൽ ചുവന്ന മാർക്കർ വഴി അടയാളപ്പെടുത്തണം. എങ്കിലേ ചോദ്യങ്ങളിലേക്ക് കടക്കൂ. മൊബൈൽ ഫോണിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ഈ ഭൂപടം ലോഡ് ചെയ്യുന്നതിൽ താമസം നേരിട്ടു. കേരളത്തിന്റെ പ്രത്യേക സാമൂഹിക-ജനസംഖ്യാപരമായ സാഹചര്യമാണ് മറ്റൊന്ന്. വിദേശത്തും മറ്റിടങ്ങളിലുമുള്ളവരെ ഉൾപ്പെടുത്താനാവില്ലെന്ന നിർദേശമുള്ളതിനാൽ പലരും സെൽഫ് എന്യൂമറേഷന് മടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

