വീട്ടമ്മയുടെ മരണം: നിര്‍ത്താതെപോയ കാറും ഡ്രൈവറും കസ്റ്റഡിയില്‍
text_fieldsഏറ്റുമാനൂര്‍: ചെറുവാണ്ടൂരില്‍ വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മരണത്തിനടയാക്കിയ അപകടത്തിലെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവര്‍ ഏറ്റുമാനൂര്‍ കൊടുവത്താനം മൂന്നുതൊട്ടില് രഞ്ജിത്താണ് (36) പിടിയിലായത്. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലിയാണ് (46) മരിച്ചത്.
ഞായറാഴ്ച രാത്രി 7.30ഓടെ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ ചെറുവാണ്ടൂര്‍ പള്ളിക്കവലയില്‍ മകളോടൊപ്പം റോഡ് മുറിച്ചുകടക്കവെ പേരൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ സാലിയെയും ആറുവയസ്സുള്ള ജുവലിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തെതുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സാലി മരിച്ചത്. സി.സി ടി.വി കാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്. ഇരുട്ടത്ത് വഴിയില്‍നിന്ന സാലിയെയും കുട്ടിയെയും കണ്ടില്ലെന്നും പേടികൊണ്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നുമാണ് രഞ്ജിത് പൊലീസിന് മൊഴി നല്‍കിയത്.

