ഉംറ തീർഥാടനം കഴിഞ്ഞ് ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിയ വീട്ടമ്മ വിമാനത്തിൽ മരിച്ചു
text_fieldsശ്രീമൂലനഗരം (കൊച്ചി): ഉംറ തീർഥാടനം കഴിഞ്ഞ് ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ വിമാനത്തിൽ മരിച്ചു. ആലുവ ശ്രീമൂലനഗരം കുളങ്ങരത്തോട്ടത്തിൽ കെ.ബി. ഖാദർകുഞ്ഞിന്‍റെ (ജമാഅത്തെ ഇസ്ലാമി ശ്രീമൂലനഗരം ഹൽഖ നാസിം) ഭാര്യ നഫീസയാണ് (63) മരിച്ചത്.
ശനിയാഴ്ച രാവിലെ ബംഗളൂരുവിനു സമീപമായിരുന്നു സംഭവം. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 1.30ഓടെയാണ് സൗദി വിമാനത്തിൽ ദമ്പതികൾ നെടുമ്പാശ്ശേരിയിലേക്ക് മടങ്ങിയത്. രാത്രി ഭക്ഷണത്തിന് ശേഷം ഭർത്താവിന്‍റെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന നഫീസ ഏറെ കഴിഞ്ഞിട്ടും ഉണരാതെ വന്നതോടെ വിളിച്ചു. അപ്പോഴാണ് മരണം ശ്രദ്ധയിൽപെടുന്നത്. അതോടെ വിമാനം ബംഗളൂരു വിമാനത്താവളത്തിൽ ഇറക്കി.
ഡോക്ടർമാരെത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബംഗളൂരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം എട്ടിനാണ് നാട്ടുകാരടക്കം നാല് ജില്ലകളിലെ 45 പേരടങ്ങുന്ന തീർഥാടന സംഘത്തിൽ ചേർന്ന് ദമ്പതികളും യാത്രയായത്. ശ്രീമൂലനഗരം അരിമ്പൂരാൻ കുടുംബാംഗം പരേതനായ ഖാദറിന്‍റെയും ഫാത്തിമയുടെയും മകളാണ് നഫീസ. മക്കൾ: അൻവർസാദത്ത് (സിവിൽ പൊലീസ് ഓഫിസർ, തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ), നിസാർ (സ്പൈറ്റ് സോഡ, ശ്രീമൂലനഗരം), നുസീബ.
മരുമക്കൾ: ഹബീബ (ഡയറി ഫാം ഇൻസ്ട്രക്ടർ, ക്ഷീര വികസന വകുപ്പ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്), താഹിറ, ഹസൈനാർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചൊവ്വര ചുള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

