ഹൃദയനോവായി റംലയുടെ മരണം
text_fieldsറംല
കൊടുവള്ളി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയതിനെ തുടർന്ന് പരിക്കേറ്റ് മരിച്ച കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റംലയുടെ (48) വേർപാടിൽ വിതുമ്പി നാട്. പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വജീവൻ ത്യജിച്ച റംലയുടെ മരണം ഹൃദയനോവായി മാറി.
കൊടുവള്ളിയിലെ ചുമട്ട് തൊഴിലാളി ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യയാണ് റംല. തിങ്കളാഴ്ച്ച വൈകീട്ട് നാലരയോടെ മകൻ അബ്ദുൽ അസീസിന്‍റെ മൂന്ന് വയസുള്ള മകൻ കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. പേരക്കുട്ടിയെ രക്ഷിക്കാനായി മറ്റൊന്നും നോക്കാതെ റംലയും കിണറ്റിലേക്ക് ചാടുകയാണുണ്ടായത്. ശബ്ദം കേട്ടെത്തിയ പരിസരവാസികൾ കിണറ്റിൽ വീണ് പരിക്കേൽക്കാതെ പൈപ്പിൽ പിടിച്ച് നിന്ന കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. അപ്പോഴാണ് റംലയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.
നരിക്കുനിയിൽ നിന്നുമെത്തിയ അഗ്നിശമന സേനയാണ് റംലയുടെ മൃതദേഹം പുറത്തെടുത്തത്. കൊടുവള്ളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൂന്ന് മണിയോടെ കിഴക്കോത്ത് ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു.