വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
text_fieldsകൊല്ലപ്പെട്ട ലളിത
അങ്കമാലി: പാറക്കടവിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് പുളിയനം മില്ലുപടിയിൽ പുന്നക്കാട്ട് വീട്ടിൽ ബാലനെ (70) കണ്ടെത്താൻ അങ്കമാലി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബാലന്‍റെ ഭാര്യ ലളിതയാണ് (62) ശനിയാഴ്ച രാത്രി വീടിന്‍റെ സോഫയിൽ കയർ കുരുങ്ങി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ബാലനെ സംഭവശേഷം കാണാതായതും നിരന്തരം പീഡിപ്പിച്ചിരുന്നതിനെത്തുടർന്ന് ലളിത നാലുമാസം മുമ്പ് അങ്കമാലി പൊലീസിൽ നൽകിയ പരാതിയുടെയും മകൻ മോഹിന്ദിന്‍റെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കൊലപാതകക്കുറ്റത്തിന് ബാലനെതിരെ കേസെടുത്തത്. വിവരം ലഭിക്കുന്നവർ 9497987120, 9497980462, 0482-2452328 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു.
അതിനിടെ, കൃത്യം നടത്തിയശേഷം ബാലൻ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. വടക്കന്‍ ജില്ലയിലെ ഏതാനും സി.സി.ടി.വി കാമറകളില്‍ ഇയാളെ കണ്ടതായും സൂചനയുണ്ട്. ബാലൻ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്.
കൊല നടന്ന ശനിയാഴ്ച രാവിലെ 11.30ഓടെ ഇയാളെ കോടുശ്ശേരിയിലും ഉച്ചക്ക് 12ഓടെ മൂഴിക്കുളത്തും കണ്ടവരുണ്ട്. ബാലൻ ഉപയോഗിച്ചിരുന്ന സൈക്കിള്‍ മൂഴിക്കുളത്തെ പാറക്കടവ് പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് പൊലീസ് കണ്ടെത്തി. സൈക്കിള്‍ പൂട്ടിയശേഷം താക്കോല്‍ നാട്ടുകാരിൽ ഒരാളെ ഏൽപിച്ചതായും പിന്നീടത് തിരിച്ചു വാങ്ങിയശേഷമാണ് നാട് വിട്ടതെന്നുമാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

