കുളിക്കടവിലേക്ക് നടന്നുപോകവേ കാട്ടാന ആക്രമണം; ഇടുക്കിയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
text_fieldsമുണ്ടക്കയം ഈസ്റ്റ്(ഇടുക്കി): കുളിക്കാൻ വന്ന വീട്ടമ്മയെ കാട്ടാന കുത്തിക്കൊന്നു. പെരുവന്താനം, കൊമ്പൻപാറ നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്‍റെ ഭാര്യ സോഫിയ (44) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് 5.30ഓടെ ചെന്നാപ്പാറ ടോപ്പ് - കൊമ്പൻപാറ റൂട്ടിലെ കുളിക്കടവിലായിരുന്നു സംഭവം. സ്കൂളിൽനിന്നും വന്ന മക്കളെ വീട്ടിലെത്തിച്ച ശേഷം സോഫിയ കുളിക്കാനായി സമീപത്തെ കുളിക്കടവിലേക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുളിക്കാൻപോയ ഇവരെ കാണാതായതിനെ തുടർന്ന് മകൻ അന്വേഷിച്ചു വരുമ്പോഴാണ് വിവരം അറിയുന്നത്.
ഇസ്മായിലും നാട്ടുകാരും ബഹളമുണ്ടാക്കി കാട്ടാനയെ ഓടിക്കുകയായിരുന്നു. മൃതദേഹം കുളിക്കടവിൽ നിന്ന് എടുക്കാൻ രാത്രി വൈകിയും നാട്ടുകാർ സമ്മതിച്ചില്ല. പൊലീസ് നാട്ടുകാരുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പ്രതിഷേധം ശക്തമായി.
മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. 26ഓളം കാട്ടാനകളാണ് ജനവാസകേന്ദ്രങ്ങളിൽ വിഹരിക്കുന്നത്.
ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വർഷം ഒന്നരമാസം കൊണ്ട് ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജനപ്രതിനിധികൾ പ്രഖ്യാപിച്ച പരിഹാരമാർഗങ്ങളെല്ലാം കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. വിദ്യാർത്ഥികളായ ഷേക്ക് മുഹമ്മദ്, ആമിന എന്നിവരാണ് സോഫിയയുടെ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

