ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി
text_fieldsകൽപറ്റ: ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചതായും വിവരം പുറത്തുപറഞ്ഞാൽ മക്കളെയും തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ. ഭർത്താവിന്‍റെ സുഹൃത്തും ഡി.വൈ.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി അംഗവുമായ പിണങ്ങോട് സ്വദേശി ജംശി ബാവ കഴിഞ്ഞ 17ന് വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ഭർത്താവും ഇതിന് കൂട്ടു നിൽക്കുകയാണെന്നും യുവതി ആരോപിക്കുന്നു. മദ്യപിച്ചെത്തിയ ഭർത്താവിന്റെ കൂടെയാണ് അന്ന് ജംശി ബാവയും വീട്ടിലെത്തിയത്. കുതറി മാറാൻ ശ്രമിച്ച തന്നെ തെറി പറയുകയും പാർട്ടിയിൽ ഉള്ള ആളാണ് പുറത്ത് പറഞ്ഞാൽ മക്കളേയും തന്നെയും കൊന്നുകളയുമെന്ന് പറഞ്ഞതായും വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 13 വർഷം മുമ്പ് മറ്റൊരു യുവതിയെ ഭർത്താവ് കല്യാണം കഴിച്ചത് മറച്ചുവെച്ചാണ് തന്നെ കല്യാണം കഴിച്ചത്. ആദ്യ ഭാര്യയിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. തനിക്ക് കുട്ടിയുണ്ടായ ശേഷമാണ് നേരത്തേ മറ്റൊരു ഭാര്യ ഉണ്ടായിരുന്നുവെന്ന വിവരം അറിയുന്നത്. പിന്നീട് ആദ്യ ഭാര്യയെ ഒഴിവാക്കുന്നതിന് തന്റെ സ്വർണം വിറ്റ് രണ്ടര ലക്ഷം രൂപ നൽകി. അതിന് പകരമായി മൂന്നര സെന്‍റ് സ്ഥലം തന്റെ പേരിലേക്ക് മാറ്റി. ഇത് തിരിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജംശി ബാവയും ഭർത്താവും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു.
കൂടാതെ ഭർത്താവും ഭർതൃ പിതാവും മാതാവും ചേർന്ന് പീഡിപ്പിക്കുന്നതായും യുവതി ആരോപിച്ചു. ജംശി ബാവ പീഡിപ്പിച്ചത് സംബന്ധിച്ചും ഗാർഹിക പീഡനം സംബന്ധിച്ചും കഴിഞ്ഞ ദിവസം കൽപറ്റ പൊലീസിലാണ് പരാതി നൽകിയത്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 25 പവൻ നൽകിയാണ് തന്നെ കല്യാണം കഴിച്ചത്. മദ്യാപാനിയായ ഭർത്താവ് സ്വർണമെല്ലാം വിറ്റുതീർത്തു. പിന്നീട് 101 പവനും കാറും വേണമെന്ന് ആവശ്യപ്പെട്ട് തന്നെ മർദിക്കാൻ തുടങ്ങി. ഭർത്താവിന്റെ മാതാവും പിതാവും ഇതിന് കൂട്ടു നിൽകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും കൂട്ടം ചേർന്ന് തന്നെ മർദിച്ചതോടെ വീട്ടുകാരെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് പോയി. അന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു. ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും നിരന്തര പീഡനവുമായി ബന്ധപ്പെട്ട് മഹല്ലു കമ്മിറ്റികൾ പല തവണ ഒത്തു തീർപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും വീണ്ടും പീഡനം തുടരുകയായിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.
അതേസമയം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് കൽപറ്റ ടൗണിൽ റോഡ് ഉപരോധിച്ചു. ആരോപണം രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
ആരോപണം അടിസ്ഥാന രഹിതമെന്ന് ഭർത്താവ്
കൽപറ്റ: യുവതിയെ ഡി.വൈ.എഫ്.ഐ നേതാവ് ജംശി ബാവ പീഡിപ്പിച്ചെന്ന ആരോപണവും താനും മാതാപിതാക്കളും ഭാര്യയെ മർദിച്ചെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് വീട്ടമ്മയുടെ ഭർത്താവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജംശി ബാവ എന്നയാൾ പീഡനം നടന്നു എന്ന് പറയുന്ന ദിവസം വീട്ടിൽ പോലും വന്നിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ഭാര്യയുടെ ബന്ധുക്കളെത്തി തന്നെയും മാതാപിതാക്കളെയും മർദിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഭാര്യ നടത്തുന്നത്. ജംശി ബാവയുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് ശ്രമം. എസ്.ഡി.പി.ഐയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ പിതാവും മാതാവും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

