സിമന്റും ഇഷ്ടികയും ഇല്ലാത്ത സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയം; കരിമണ്ണൂരിൽ 42 കുടുംബങ്ങൾക്ക് വീടൊരുങ്ങി
text_fieldsകരിമണ്ണൂരിലെ ഫ്ലാറ്റ് സമുച്ചയം
തൊടുപുഴ: കരിമണ്ണൂരിലെ ഭൂരഹിത-ഭവനരഹിതരായ 42 കുടുംബത്തിന് സ്വന്തമായി അടച്ചുറപ്പുള്ള വീടുകളിൽ ഇനി അന്തിയുറങ്ങാം. പഞ്ചായത്തിലെ വേനപ്പാറയിൽ ഇവർക്ക് ഫ്ലാറ്റ് സമുച്ചയം സജ്ജമായി. പഞ്ചായത്ത് വാങ്ങിയ 2.85 ഏക്കറിലാണ് ലൈഫ് മിഷൻ മുഖേന നാല് നിലകളിലെ ഭവനസമുച്ചയം നിർമിച്ചത്. 44 വീടാണ് ഇവിടെയുള്ളത്.
ഭവനരഹിതരായ മുഴുവൻ പേർക്കും വീടെന്ന ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗാമായാണ് ഇത്രയും കുടുംബങ്ങൾക്ക് സ്വപ്നസാഫല്യം. നാലുവർഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയാണ് തറക്കല്ലിട്ടത്. പൂർണമായും ആധുനിക സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് സമുച്ചയ നിർമാണം.
ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം ടെക്നോളജിയാണ് ഉപയോഗിച്ചത്. സ്റ്റീൽ ഉപയോഗിച്ചാണ് ഭിത്തി, മേൽക്കൂര, ഫ്ലോർ അടക്കമുള്ള നിർമാണങ്ങൾ. സിമന്റും ഇഷ്ടികയും ഇല്ലാത്ത സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയമാണിത്. ആറുകോടിയോളമാണ് നിര്‍മാണച്ചെലവ്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ബാൽക്കണിയും കുളിമുറിയും ശുചിമുറിയും അടക്കം 420 ചതുരശ്ര അടിയാണുള്ളത്.
ഒരു വീടിന് ഏകദേശം 13 ലക്ഷം രൂപ ചെലവുണ്ട്. ഭവനസമുച്ചയത്തിന് സമീപത്ത് ജൈവ, അജൈവ മാലിന്യ സംസ്കരണ സംവിധാനവുമുണ്ട്. അംഗൻവാടിയും പി.എച്ച്.സി സബ് സെന്ററും സജ്ജമാക്കും. ഈമാസം എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ താക്കോൽ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

