വളർത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു: ഭാര്യ ഗുരുതരാവസ്ഥയിൽ
text_fieldsചാമംപതാൽ (കോട്ടയം): വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. വാഴൂര്‍ ചാമംപതാൽ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് (56) മരിച്ചത്. കാളയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ റെജിയുടെ ഭാര്യ ഡാര്‍ളിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
വീടിനോട് ചേര്‍ന്ന പറമ്പില്‍ തീറ്റാന്‍ നിര്‍ത്തിയ കാളയെ മാറ്റിക്കെട്ടുന്നതിനിടെയാണ് റെജിക്ക് കുത്തേറ്റത്. റെജിയുടെ നിലവിളികേട്ട് ഓടിയെത്തിയ ഭാര്യ ഡാര്‍ളിയെയും കാള കുത്തി വീഴ്ത്തുകയായിരുന്നു. ഡാര്‍ളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാള റെജിയെ മരത്തില്‍ ചേര്‍ത്ത് വീണ്ടും കുത്തി.
നെഞ്ചിലും വയറ്റിലും ഗുരുതര പരിക്കേറ്റ റെജിയെ ഉടൻ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വര്‍ഷങ്ങളായി കാലികളെ വളര്‍ത്തി ജീവിക്കുന്നവരാണ് ഇരുവരും. മകള്‍: ജാസ്മിന്‍ (യു.കെ). മരുമകന്‍: സിജോ. സംസ്‌കാരം പിന്നീട്.

