Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതിന്‍ രാജിന്‍റെ കുടുംബത്തിന് വീട്; ആദ്യ ഗഡുവായി കോൺഗ്രസ് അഞ്ചുലക്ഷം കൈമാറി; വീട് നിർമിച്ചു നൽകുമെന്ന് സി.പി.എമ്മും

text_fields
bookmark_border
നിതിന്‍ രാജിന്‍റെ കുടുംബത്തിന് വീട്; ആദ്യ ഗഡുവായി കോൺഗ്രസ് അഞ്ചുലക്ഷം കൈമാറി; വീട് നിർമിച്ചു നൽകുമെന്ന് സി.പി.എമ്മും
cancel

തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിർമിക്കാനുള്ള പണത്തിന്റെ ആദ്യ ഗഡു കൈമാറി.

പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശ പ്രകാരം അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറാണ് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നിതിന്റെ മാതാപിക്കളെ ഏല്‍പ്പിച്ചത്. നിതിന്റെ രാജിന്റെ നെടുമങ്ങാട് ഉഴമലയ്ക്കലെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. സ്വന്തമായി വീടില്ലാത്ത ആ കുടുംബത്തിന് വീടു നിര്‍മിക്കുന്നതിനുള്ള സഹായം നല്‍കാമെന്ന് ഉറപ്പും നല്‍കി.

തുടര്‍ന്നാണ് ഇന്ന് ആദ്യ ഗഡു കൈമാറിയത്. വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ ആവശ്യമായ ബാക്കി തുക കൂടി കൈമാറും. അതേസമയം, നിതിൻ രാജിന്റെ വിയോഗത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുടുംബത്തിന് സി.പി.എമ്മും വീട് നിർമിച്ചു നൽകുമെന്ന് എ.എ. റഹീം എം.പി അറിയിച്ചു. കുടുംബം ആവശ്യപ്പെടുന്ന സ്ഥലത്തായിരിക്കും പാർട്ടി വീട് നിർമിച്ചു നൽകുക. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏപ്രിൽ 19ന് വൈകീട്ട് ആരംഭിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിടുമെന്നും റഹീം അറിയിച്ചു.

കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അവരുടെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള പല ദുരനുഭവങ്ങളും നാട്ടിലുണ്ടല്ലോ എന്നായിരുന്നു റഹീം നൽകിയ മറുപടി. കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും, പാർട്ടിയുടെ ഈ തീരുമാനം കുടുംബം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.

മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - House for Nitin Raj's family; Congress hands over Rs 5 lakh
Next Story