പി.വി അൻവറിന്റെ വാഗ്ദാനപ്രകാരം വീട് പൊളിച്ചു; പ്രമോദും കുടുംബവും പെരുവഴിയിലായി, 'തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാവരും സ്ഥലം വിട്ടു'
text_fieldsപ്രമോദും കുടുംബവും താമസിക്കുന്ന പ്ലാസ്റ്റിക് കൂര, ഇൻസെറ്റിൽ പ്രമോദിന്റെ പണി പൂർത്തീകരിക്കാത്ത വീട്
ചേലക്കര (തൃശൂർ): തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവറിന്റെ വാഗ്ദാനം കേട്ട് വീട് പൊളിച്ച കുടുംബം കയറിക്കിടക്കാൻ ഇടമില്ലാതെ ദുരിതത്തിൽ. പൊറ്റ കരിമ്പിൻചിറ പുളിക്കൽ പ്രമോദിന്റെ (46) കുടുംബത്തിനാണ് പി.വി അൻവർ വാക്ക് പാലിക്കാതായതോടെ വീട് നഷ്ടമായത്.
ഉപതെരഞ്ഞെടുപ്പ് സമയത്ത് ഡി.എം.കെ സ്ഥാനാർഥി എൻ.കെ സുധീറിനെ മത്സരിപ്പിച്ചപ്പോൾ ചേലക്കരയിൽ ആയിരം വീടുകൾ നിർമിക്കുമെന്ന് അൻവർ വാഗ്ദാനം നൽകിയിരുന്നു. ഇതിനായി പഞ്ചായത്തുകളിൽ ഓഫിസുകൾ തുറന്ന് നാലായിരത്തോളം അപേക്ഷകൾ സ്വീകരിച്ചു. ഏതാനും വീടുകളുടെ പണി തുടങ്ങുകയും ചെയ്തു. ഇതിനിടെ കോൺഗ്രസ് പഞ്ചായത്തംഗമാണ് പി.വി അൻവറിനെ പ്രമോദിനടുത്തെത്തിച്ചത്.
12 വർഷമായി തറ പണിതെങ്കിലും വീട് പൂർത്തീകരിക്കാൻ പ്രമോദിന് കഴിഞ്ഞിരുന്നില്ല. താൽക്കാലിക മേൽക്കൂര പണിത് കഴിയുന്നതിനിടയിലാണ് അൻവറിന്റെ രംഗപ്രവേശം. വീട് ഉടൻ പൊളിക്കണമെന്നും മാസങ്ങൾക്കുള്ളിൽ വീടുപണി പൂർത്തീകരിച്ച് തരുമെന്നുമായിരുന്നു അൻവറിന്റെ വാഗ്‌ദാനം. ഇതോടെ മേൽക്കൂര പൊളിച്ചു. പ്രമോദും ഭാര്യയും രണ്ട് പെൺകുട്ടികളും വീടിനോട് ചേർന്ന് പ്ലാസ്റ്റിക് കൊണ്ട് മറ കെട്ടി താമസം മാറ്റി.
തുടർന്ന് അൻവറിനോടൊപ്പമുള്ള ചിലരെത്തി ഏതാനും സിമന്റ് കട്ടകൾ ഇറക്കി കുറച്ച് ഭാഗത്ത് ഭിത്തി കെട്ടി. മാധ്യമങ്ങളെ വിളിച്ച് വലിയ വാർത്താപ്രാധാന്യവും അൻവർ ഉറപ്പാക്കി. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നതോടെ അൻവറും കൂട്ടാളികളും മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായി. വീട് പൊളിച്ചവരെ പ്രമോദ് വിളിക്കുമ്പോഴെല്ലാം അൻവർ സ്ഥലത്തില്ല, തിരക്കിലാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞൊഴിഞ്ഞു. പിന്നീട് ഇവരെ വിളിച്ചാലും പ്രതികരിക്കാതായി.
പ്രമോദിനെപ്പോലെ അൻവറിന്റെ വാക്ക് വിശ്വസിച്ച് വീട് പൊളിച്ച മറ്റ് ചിലരും പെരുവഴിയിലായി. ചേലക്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അൻവർ വീട് വെച്ച് നൽകുമെന്ന് പറഞ്ഞ ഐഷുമ്മയുടെ വീട് പൂർത്തീകരിക്കാൻ നാട്ടുകാരാണ് പിന്നീട് രംഗത്തിറങ്ങിയത്.
തമിഴ്‌നാട്ടിൽ നിന്നുള്ള 15 കോർപ്പറേറ്റ് കമ്പനികൾ അവരുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 750 വീടുകൾക്ക് തുക നൽകുമെന്നും ഒമ്പത് പഞ്ചായത്തുകളിലുമായി ആയിരം വീടുകൾ നിർമിക്കുമെന്നുമുള്ള അൻവറിന്റെ പ്രഖ്യാപനത്തിന് തെരെഞ്ഞെടുപ്പ് ഫലം വരുന്നതു വരെ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. പഞ്ചായത്ത് ഭവന പദ്ധതി ഗുണഭോക്‌തൃ ലിസ്റ്റിൽ ഉൾപ്പെട്ടെന്നതാണ് പ്രമോദിന്റെ ഏക പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

