വീട് നിർമാണം: മണ്ണ് നീക്കാൻ തദ്ദേശ അനുമതി മതി
text_fieldsതിരുവനന്തപുരം: 3000 ചതുരശ്രയടി വരെയുള്ള വീടുകളുടെ നിർമാണത്തിന് മണ്ണ് മാറ്റാനുള്ള അനുമതി ഇനി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാം. കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. നിലവിൽ മണ്ണ് മാറ്റാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണമായിരുന്നു. ഫീസ് ഓൺലൈനായി ജിയോളജി വകുപ്പിൽ അടക്കണം.
നിലവിൽ ചെറിയ വീടിനുള്ള മണ്ണ് നീക്കലിനും മൈനിങ് ആൻഡ് ജിയോളജി വിഭാഗം പരിശോധന നടത്തിയാണ് പാസ് നൽകുന്നത്. ജിയോളജി വിഭാഗം പാസ് നൽകണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ഡെവലപ്മെന്റ് പ്ലാൻ നൽകണം. എന്നാൽ, മണ്ണ് മാറ്റിയാലേ പഞ്ചായത്തുകൾ പ്ലാൻ കൊടുക്കൂ. ഇത് ആശയക്കുഴപ്പത്തിനും പ്രതിസന്ധിക്കുമിടയാക്കിയ സാഹചര്യത്തിലാണ് നിബന്ധന ഇളവുവരുത്തി ചട്ട ഭേദഗതി. ദുരന്ത സാഹചര്യങ്ങളിൽ മണ്ണ് മാറ്റാനും സർക്കാർ സ്ഥലങ്ങളിൽനിന്നുള്ള പരസ്പര മണ്ണ് മാറ്റത്തിനും ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമില്ല. പ്രളയവും പ്രകൃതി ദുരന്തങ്ങളെയും തുടർന്ന് വീടിനു മുകളിലേക്കും മറ്റും ഇടിഞ്ഞുവീണ മണ്ണ് മാറ്റാൻ ജിയോളജിയുടെ അനുമതി വേണം. പക്ഷേ, ഇതിന് പ്രത്യേകം ചട്ടമില്ല. ഉള്ള ചട്ടം പരിശോധിക്കുമ്പോൾ ‘മാറ്റാൻ പറ്റില്ല’. ഇത് തലസ്ഥാത്തടക്കം പരാതിക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭേദഗതി. നിർമാണാവശ്യങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് മറ്റൊരു സർക്കാർ സ്ഥാപനങ്ങളിലേക്കാണ് മാറ്റുന്നതെങ്കിൽ ഇനി ജിയോളജി അനുമതി വേണ്ടതില്ല. ക്വാറികളുടെ ഖനനം നിരീക്ഷിക്കുന്നതിന് ഓൺലൈൻ സംവിധാനമേർപ്പെടുത്തും. ക്വാറി ലീസിങ്, പെർമിറ്റ് നേരത്തേ തന്നെ ഓൺലൈനാണ്. ഡീലർ ലൈസൻസ്, മണ്ണ് മാറ്റാനുള്ള അനുമതി, ജെം ടെസ്റ്റിങ് സർട്ടിഫിക്കറ്റ്, കെമിക്കൽ ലാബ് സർട്ടിഫിക്കറ്റ് എന്നിവ കൂടി പോർട്ടലിലേക്ക് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

