മിഥുന്റെ കുടുംബത്തിന് വീട് വെച്ച് നൽകുമെന്ന് മന്ത്രി; കെ.എസ്.ഇ.ബി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും
text_fieldsകൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. വി. ശിവൻകുട്ടിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡന്റ്.
വളരെ ദരിദ്രമായ ചുറ്റുപാടാണ് മിഥുന്റെത്. താമസ യോഗ്യമായ വീട് പോലും ഇല്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്. കൂലിപ്പണിയാണ് മിഥുന്റെ അച്ഛൻ മനോജിന്. വീട് നിർമിക്കാനായി ലൈഫ് പദ്ധതിയിൽ പേര് കൊടുത്ത് കാത്തിരിക്കുകയാണ്. അതിന് അനുമതി ലഭിച്ചിട്ടില്ല.
ഈ ദരിദ്രാവസ്ഥയിൽ നിന്ന് കുടുംബത്തിന് അൽപമെങ്കിലും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് മിഥുന്റെ അമ്മ സുജ കുവൈത്തിലേക്ക് ഹോംനഴ്സായി പോയത്. എന്നാൽ ജോലി ചെയ്യുന്ന കുടുംബത്തിനൊപ്പം തുർക്കിയിലാണ് ഇപ്പോൾ അവരുള്ളത്. അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മിഥുൻ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.
അതിനിടെ മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. മിഥുന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിരിക്കുകയാണ്. വിദേശത്തുള്ള അമ്മ എത്തിയാലുടൻ സംസ്കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ ആണ് ഷോക്കേറ്റ് മരിച്ചത്. കളിക്കിടെ പെട്ടെന്ന് മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിൾ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മിഥുന് ഷോക്കേറ്റത്. ബെഞ്ച് എടുത്ത് ഷീറ്റിനുമേൽ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോൾ വീഴാതിരിക്കാൻ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്സ് ലൈനിലായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകർ ഉടൻ തന്നെ ട്രാൻസ്ഫോർമർ ഓഫ് ചെയ്തു. മിഥുനെ മേൽക്കൂരയിൽ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

