തിരുവനന്തപുരം: സംസ്ഥാനത്ത് ത്രികോണപ്പോരിെൻറ ചൂടിൽ മുന്നിൽ നിൽക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്.
പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലം 2011ൽ ഘടനമാറ്റത്തോടെ രൂപം കൊണ്ട വട്ടിയൂർക്കാവ് രണ്ടുതവണ കെ. മുരളീധരനിലൂടെ കോൺഗ്രസിനൊപ്പം നിന്നപ്പോൾ 2019ലെ ഉപതെരഞ്ഞെടുപ്പിൽ 'മേയർ ബ്രോ' പരിവേഷത്തിലെത്തിയ വി.കെ. പ്രശാന്തിലൂടെ മണ്ഡലത്തിൽ ആദ്യമായി ചെെങ്കാടി പാറി.
വടകരയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുരളീധരൻ വട്ടിയൂർക്കാവിലെ നിയമസഭാംഗത്വം രാജിവെച്ചതോടെയാണ് ഉപെതരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
2011ൽ രണ്ടാം സ്ഥാനത്തും '16ൽ മൂന്നാം സ്ഥാനത്തുമായിരുന്ന സി.പി.എം പക്ഷേ അപ്രതീക്ഷിത കുതിപ്പിലൂടെ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കുകയായിരുന്നു. 2016ൽ ബി.ജെ.പിയിലെ കുമ്മനം രാജശേഖരൻ സ്ഥാനാർഥിയായി വന്നതോടെയാണ് മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയത്.
എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ സി.പി.എം മണ്ഡലം പിടിച്ചപ്പോൾ കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്കും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ബി.െജ.പി സംസ്ഥാനത്ത് പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. 2011ൽ ഇടതുസ്വതന്ത്രൻ ചെറിയാൻ ഫിലിപ്പായിരുന്നു കെ. മുരളീധരെൻറ എതിരാളി.
എന്നാൽ, 2016ൽ ചിത്രം മാറി. കടുത്ത പോരാട്ടത്തിൽ മുരളീധരൻ ജയിച്ചുകയറിയപ്പോൾ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയിലെ കുമ്മനം രാജശേഖരനും മൂന്നാം സ്ഥാനത്ത് സി.പി.എമ്മിലെ ടി.എൻ. സീമയുമായിരുന്നു.
തദ്ദേശത്തിൽ ഇടതിനൊപ്പം
തിരുവനന്തപുരം കോർപറേഷനിലെ കിണവൂർ, കേശവദാസപുരം, കുടപ്പനക്കുന്ന്, ചെട്ടിവിളാകം, നന്തൻകോട്, കുന്നുകുഴി, പേരൂർക്കട, വാഴോട്ടുകോണം, കൊടുങ്ങാനൂർ, വലിയവിള, പാതിരിപ്പള്ളി, തുരുത്തുംമൂല, ശാസ്തമംഗലം, കവടിയാർ, കാഞ്ഞിരംപാറ, പാങ്ങോട്, കുറവൻകോണം, മുട്ടട, കണ്ണമ്മൂല, പട്ടം, കാച്ചാണി, പി.ടി.പി നഗർ, നെട്ടയം, വട്ടിയൂർക്കാവ് എന്നീ വാർഡുകൾ ചേർന്നതാണ് വട്ടിയൂർക്കാവ് മണ്ഡലം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന 24 വാർഡുകളിൽ 12 എണ്ണവും എൽ.ഡി.എഫിനൊപ്പമാണ്. ഒമ്പതിടത്ത് ബി.ജെ.പി ജയിച്ചു.
മൂന്ന് വാർഡുകളാണ് യു.ഡി.എഫിനൊപ്പം നിന്നത്. തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ട് വിഹിത പ്രകാരം എൽ.ഡി.എഫിന് 37628ഉം ബി.ജെ.പിക്ക് 34780 വോട്ടും യു.ഡി.എഫിന് 27191 വോട്ടുമാണ് ലഭിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിെൻറ ഭാഗമായ വട്ടിയൂർക്കാവിൽ യു.ഡി.എഫിലെ ശശി തരൂരിനായിരുന്നു മേൽകൈ.
സാധ്യതകൾ
മണ്ഡലം ആദ്യമായി ഇടതിനൊപ്പം എത്തിച്ച വി.കെ. പ്രശാന്ത് തന്നെയായിരിക്കും ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി. ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലം പിടിക്കാൻ മണ്ഡലത്തിലെ സാമുദായിക ഘടകങ്ങൾകൂടി പരിഗണിച്ചുള്ള പേരുകളാണ് കോൺഗ്രസിൽ ഉയരുന്നത്.
നയതന്ത്രജ്ഞനും നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡറുമായ വേണു രാജാമണിയുടെ പേരാണ് ഉയർന്നുകേൾക്കുന്നവയിൽ പ്രധാനം.
മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ എം.പി പീതാംബരക്കുറുപ്പ് തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നു. ബി.െജ.പിയിൽ ജില്ലാ പ്രസിഡൻറും തിരുവനന്തപുരം നഗരസഭ കൗൺസിലറുമായ വി.വി. രാജേഷിെൻറ പേരാണ് വട്ടിയൂർക്കാവിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്.
2016 വോട്ടുനില
കെ. മുരളീധരൻ -യു.ഡി.എഫ് 51,322 (37.81 %)
കുമ്മനം രാജശേഖരൻ -ബി.ജെ.പി 43,700 (32.19 %)
ടി.എൻ. സീമ -എൽ.ഡി.എഫ് 40,441 (29.79 %)
2019 ഉപതെരഞ്ഞെടുപ്പിലെ വോട്ടുനില
വി.കെ. പ്രശാന്ത് -എൽ.ഡി.എഫ് 54,830 (44.25 %)
കെ. മോഹൻകുമാർ -യു.ഡി.എഫ് 40365 (32.58 %)
എസ്. സുരേഷ് -ബി.ജെ.പി 27453 (22.16 %)
2020 തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുനില
എൽ.ഡി.എഫ് 37628
ബി.ജെ.പി 34780
യു.ഡി.എഫ് 27191
2019 ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുനില
ശശി തരൂർ യു.ഡി.എഫ് 53545
കുമ്മനം രാജശേഖരൻ ബി.ജെ.പി 50709
സി. ദിവാകരൻ എൽ.ഡി.എഫ് 29414