വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഊർജിതമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികൾ വിലയിരുത്തുന്നതിനാണ് ഉന്നതതല യോഗം ചേർന്നത്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഗുരുതര സ്ഥിതിവിശേഷമുള്ള 273 ഗ്രാമപഞ്ചായത്തുകളുള്ളത്.
വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി വന്യജീവി സംഘർഷം കൂടുതലുള്ള പഞ്ചായത്തുകളിൽ / മുനിസിപ്പാലിറ്റികളിൽ സന്നദ്ധപ്രവർത്തകരുടെ പ്രൈമറി റെസ്പോൺസ് ടീം രൂപവത്കരിക്കും. ചീഫ്സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. ജില്ലതല സമിതിയിൽ അതത് മേഖലയിലുള്ള എം.പി, എം.എൽ.എമാരെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വന്യജീവി ആക്രമണം നേരിടാൻ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ വെച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണം. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കന്നുകാലികൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്കരിക്കുന്നത് പരിഗണിക്കും. ലൈഫ് ഇൻഷുറൻസ് ഏര്പ്പെടുത്തുന്നതും പരിശോധിക്കും. ഇതിന് വനം, കൃഷി, മൃഗസംരക്ഷണം, ധന വകുപ്പുകളുടെ സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണം. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ആർ.ആർ.ടികളിൽ ഡെപ്യൂട്ടി ആർ.ഒമാർക്ക് അധിക ചുമതല നൽകും
സംസ്ഥാനത്ത് 28 റാപിഡ് റെസ്പോൺസ് ടീമുകളാണ് പ്രവർത്തിച്ചുവരുന്നത്. മതിയായ എണ്ണം ഉദ്യോഗസ്ഥരില്ലാത്തതിനാൽ 20 ആർ.ആർ.ടികളിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. അപ്ഗ്രഡേഷൻ വഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ തസ്തിക സൃഷ്ടിച്ച് ഈ പ്രശ്നം പരിഹരിക്കും.
അനധികൃത രാത്രിസവാരി ഒഴിവാക്കണം
തിരുവനന്തപുരം: സന്ദർശകരുടെ അനധികൃത രാത്രിസവാരി ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വനമേഖലയോട് ചേർന്ന ടൂറിസം കേന്ദ്രങ്ങളിലെ വഴിയോര വാണിഭം നിയന്ത്രിക്കണം. മാലിന്യ നിർമാർജനം ഉറപ്പാക്കണം. കന്നുകാലികളെ അപകടസാധ്യതയുള്ള വനത്തിൽ മേയാൻ വിടുന്നതിൽ ക്രമീകരണം ഉണ്ടാക്കണം. അടിക്കാടുകൾ നീക്കാൻ തോട്ടം മാനേജ്മെന്റുകൾ നടപടിയെടുക്കണം. കാടിനകത്ത് വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാൻ അടിയന്തര നടപടിയെടുക്കണം. . ആന, കാട്ടുപന്നി, കുരങ്ങ് മുതലായ ജീവികളുടെ വരവ് പ്രതിരോധിക്കുന്നതിന് നാട്ടറിവുകൾ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വീണാ ജോർജ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീ. ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, കെ.ആർ. ജ്യോതിലാൽ, പുനീത് കുമാർ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ, വനം മേധാവി ഗംഗാ സിങ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, ദുരന്തനിവാരണ മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

