തിരുവല്ല: പാർട്ടി ഫണ്ട് നൽകാത്തതിനെ ചൊല്ലി തിരുവല്ലയിലെ മന്നംകരച്ചിറയിൽ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചു തകർത്തു. കട നടത്തിപ്പുകാരായ ദമ്പതിമാർക്ക് മർദ്ദനമേറ്റു. നെയ്യാറ്റിൻകര സ്വദേശികളുമായ മുരുകൻ, ഉഷ ദമ്പതിമാർക്കാണ് മർദ്ദനമേറ്റത്.
മന്നംകരച്ചിറ ജങ്ഷന് സമീപമുളള ശ്രീമുരുകൻ ഹോട്ടലാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജങ്ഷനിലെ ഓട്ടോ ഡ്രൈവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതിമാർ പറഞ്ഞു.
ദമ്പതിമാർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയായി മുരുകൻ പറഞ്ഞു.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പാർട്ടിക്കാരുടെ ഭീഷണിയെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു എന്ന് ദമ്പതിമാർ പറഞ്ഞു.