ഹോട്ടൽ ജീവനക്കാർക്ക് മർദനം; നാല് വ്യോമസേന ഉദ്യോഗസ്ഥർ പിടിയിൽ
text_fieldsതിരുവനന്തപുരം: ഭക്ഷണം കഴിക്കാനെത്തിയ വ്യോമസേന ഉദ്യോഗസ്ഥർക്ക് റസ്റ്റാറന്റിൽ അടുത്തടുത്ത സീറ്റ് നൽകിയില്ലെന്നാരോപിച്ചുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലെത്തി. ബുധനാഴ്ച രാത്രി 11ഓടെ വെൺപാലവട്ടം ഇംപീരിയൽ കിച്ചണിലാണ് വ്യോമസേന ഉദ്യോഗസ്ഥരും ഹോട്ടൽ ജീവനക്കാരും തമ്മിലെ വാക്കുതർക്കം അടിപിടിയായത്. 18 പേരോളം വരുന്ന വ്യോമസേന ഉദ്യോഗസ്ഥർ ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനെത്തിയത്.
അടുത്തിരിക്കാൻ സൗകര്യം ഒരുക്കാൻ ഇവർ ആവശ്യപ്പെട്ടു. നല്ല തിരക്കായതിനാൽ ഒഴിവുള്ള മേശകളിൽ ഇരിക്കാൻ ജീവനക്കാർ പറഞ്ഞു. ഇതിൽ ക്ഷുഭിതരായാണ് ഉദ്യോഗസ്ഥർ ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടായത്.
ഹോട്ടൽ അധികൃതർ വിവരം അറിയിച്ചതിനെതുടർന്ന് പേട്ട പൊലീസ് സ്ഥലത്തെത്തി. നാല് ഉദ്യോഗസ്ഥരെ പിടികൂടി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഹോട്ടൽ ജീവനക്കാർ ആക്രമിച്ചെന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ പരാതിയിലും ഹോട്ടൽ ജീവനക്കാരുടെ പരാതിയിലും പൊലീസ് കേസെടുത്തു.

