ഹോട്ടൽ മുറിയിലെ കൊലപാതകം: സിദ്ദീഖിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി
text_fieldsപ്രതികളായ ഷിബിലിയും ഫർഹാനയും, കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖ്
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ ക്രൂരമായി കൊല്ലപ്പെട്ട തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. അഴുകിയ മൃതദേഹത്തിൽ ലോഹത്തിന്റെയോ ആയുധത്തിന്റെയോ അവശിഷ്ടങ്ങളുണ്ടോ മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങളും ഉണ്ടോ എന്നിവ സ്ഥിരീകരിക്കാനായിരുന്നു പരിശോധന.
ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസ് അന്വേഷിക്കുന്ന തിരൂർ പൊലീസ് മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചത്. രണ്ടു ട്രോളി ബാഗുകളിലായി കണ്ടെത്തിയ മൃതദേഹം ഒറ്റ ബാഗിലാക്കിയാണ് എത്തിച്ചത്. വൈകീട്ട് 4.20 ഓടെ പോസ്റ്റ് മോർട്ടം ആരംഭിച്ചു. ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കും. അന്തിമ റിപ്പോർട്ടിൽ നനിന്ന് മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
ഫോറൻസിക് സർജൻ ഡോ. സുജിത് ശ്രീനിവാസന്‍റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരൂർ കോരങ്ങോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി. മലപ്പുറം എ.എസ്.പി (യു.ടി) ഷഹൻഷാ, തിരൂർ ഡിവൈ.എസ്.പി കെ.എസ്. ബിജു എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.