കൃത്യമായ ആസൂത്രണം; മൃതദേഹമടങ്ങിയ ബാഗുകൾ കൊക്കയിൽനിന്നെടുക്കാൻ പെടാപ്പാട്
text_fieldsസിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട ചുരം ഒമ്പതാം
വളവിലെത്തിയ പൊലീസ് സേന
അഗളി: സന്ധ്യ മയങ്ങിയാൽ വന്യമൃഗസാന്നിധ്യം ഉള്ളതിനാൽ കാര്യമായ ആൾസഞ്ചാരമില്ലാത്ത വഴിയാണ് മണ്ണാർക്കാട്-ചിന്നത്തടാകം പാത. സിദ്ദീഖ് കൊലപാതകത്തിൽ പ്രതികൾ നീങ്ങിയതും ഇതു മനസ്സിലാക്കിയാണ്. അരുംകൊലയുടെ വാർത്തയിൽ നാട് തരിച്ചുനിൽക്കുന്നതിനിടെയായിരുന്നു മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചതായി കൂട്ടുപ്രതി ചിക്കു എന്ന ആഷിഖ് മൊഴി നൽകിയത്. ഇതേത്തുടർന്ന് വ്യാഴാഴ്ച രാത്രിതന്നെ ചുരത്തിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയിരുന്നു.
പ്രതിയുടെ മൊഴിയനുസരിച്ച് ചുരംറോഡിലെ ഒമ്പതാം വളവിൽ പുലർച്ച അഞ്ചരയോടെയാണ് തിരച്ചിൽ തുടങ്ങിയത്. അധികം വൈകാതെ റോഡിൽനിന്ന് 50 അടിയോളം താഴെയുള്ള നീർച്ചാലിൽ രണ്ട് ട്രോളി ബാഗുകളിലായി വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തി. വീഴ്ചയുടെ ആഘാതത്തിൽ സിബുകൾ വേർപെട്ട ബാഗുകളിൽനിന്ന് അവയവങ്ങൾ തള്ളിനിൽക്കുന്നുണ്ടായിരുന്നു. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുള്ളതിനാൽ വെള്ളത്തിൽ കുതിർന്ന ബാഗുകളിൽനിന്ന് ദുർഗന്ധം വമിച്ചിരുന്നു.
മലപ്പുറം എസ്.പി സുജിത് ദാസ് സംഭവ സ്ഥലത്തെത്തുകയും മൃതശരീരമടങ്ങിയ പെട്ടികൾ മുകളിലെത്തിക്കാൻ തുടർന്ന് പൊലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയും ചെയ്തു. പുലർച്ച 6.30ഓടെ മണ്ണാർക്കാട് ഫയർസ്റ്റേഷൻ അധികൃതരെത്തി വടം കെട്ടിയിറങ്ങിയാണ് ബാഗുകൾ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കയർ വഴി മുകളിലെത്തിച്ചത്. ഇതിനിടെ വാർത്തയറിഞ്ഞ് ചുരത്തിൽ ജനംതടിച്ചുകൂടിയിരുന്നു. മരിച്ച സിദ്ദീഖിന്റെ കുടുംബാംഗങ്ങളും മൃതദേഹം കൊക്കയിൽനിന്ന് എടുക്കുന്നതിന് ദൃക്സാക്ഷികളായി.
സംഭവദിവസം പ്രതികളുടെ കാർ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ആനമൂളിയിലെ പെട്രോൾ പമ്പിലെ കാമറയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കകം പ്രതികൾ അതേവഴിയെ തന്നെ തിരിച്ചുപോയതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ വഴിതന്നെ ചെന്നൈയിലേക്ക് പോകാമെന്നിരിക്കെ ഇവർ തിരിച്ചുപോയത് അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെങ്കിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.