ഹോട്ടലുടമയുടെ കൊലപാതകം: ചുരത്തിന്റെ ഒമ്പതാം വളവിൽ ട്രോളി ബാഗുകൾ കണ്ടെത്തി
text_fieldsപാലക്കാട്: തിരൂർ സ്വദേശിയായ ഹോട്ടലുടമയുടെ മൃതദേഹം തള്ളിയെന്ന് കരുതുന്ന ട്രോളി ബാഗുകൾ അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിൽ കൊക്കയിൽ കണ്ടെത്തി. ഇവിടെയുള്ള നീർച്ചാലിലെ പാറക്കെട്ടുകളിൽ കുടുങ്ങിയ നിലയിലാണ് പെട്ടി കണ്ടെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഈമാസം 18ന് കാണാതായ കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖ് സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയുമാണ് പിടിയിലായത്.
പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തി മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലിൽ കോഴിക്കോട് പൊലീസ് എത്തിയിട്ടുണ്ട്. പ്രതികളെ കേരളത്തിലെത്തിച്ച് ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.
സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിൽ നിന്ന് പ്രതികൾ പിടിയിലായത്.
രണ്ടാഴ്ച മാത്രമാണ് പ്രതി ഷിബിലി സ്ഥാപനത്തിൽ ജോലിചെയ്തത്. മറ്റുജീവനക്കാർ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും പ്രതികളും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്.