ചിക്കൻ ഫ്രൈയിൽ ചെസ്റ്റ് പീസില്ല; മാറ്റിനൽകാൻ ആവശ്യപ്പെട്ടയാളെ മർദിച്ച് ഹോട്ടൽ ജീവനക്കാരൻ
text_fieldsഏറ്റുമാനൂർ: ചിക്കൻ ഫ്രൈയെച്ചൊല്ലിയുള്ള തർക്കം കൈയാങ്കളിയിൽ അവസാനിച്ചു. ഭക്ഷണം കഴിക്കാനെത്തിയ ആൾക്ക് ഹോട്ടൽ ജീവനക്കാരന്‍റെ മർദനത്തിൽ പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏറ്റുമാനൂരിലെ ഹോട്ടലിലാണ് സംഭവം.
രാത്രി ഒമ്പതരയോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തിരുവഞ്ചൂർ സ്വദേശിയും ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിനാണ് (34) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്. ഹോട്ടലിൽ എത്തിയ നിധിൻ പൊറോട്ടയും ചിക്കൻഫ്രൈയുമാണ് ആവശ്യപ്പെട്ടത്. അന്തർസംസ്ഥാന തൊഴിലാളിയായ വെയ്റ്ററാണ് ഓർഡർ എടുത്തത്. ചിക്കന്‍റെ ചെസ്‌റ്റ് പീസ് വേണമെന്ന് പ്രത്യേകം പറയുകയും ചെയ്‌തിരുന്നു. എന്നാൽ, കൊണ്ടുവന്നത് അതായിരുന്നില്ല.
ഇത് മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ട തന്നോട്, വേണമെങ്കിൽ കഴിച്ചാൽ മതിയെന്നായിരുന്നു ജീവനക്കാരന്റെ മറുപടിയെന്നും ഇയാളുടെ സംസാരരീതി ചോദ്യംചെയ്ത തന്നെ മർദിക്കുകയായിരുന്നുവെന്നും നിധിൻ പറയുന്നു. മർദനത്തിൽ നിധിന്റെ നെറ്റിയിൽ മുറിവേറ്റു. സംഭവശേഷം ജീവനക്കാരൻ കടന്നുകളഞ്ഞെന്നും യുവാവ് പറയുന്നു.
എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്നമുറക്ക് നടപടി സ്വീകരിക്കുമെന്നും ഏറ്റുമാനൂർ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച: മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി പൊലീസ്
പട്ടാമ്പി: ജ്വല്ലറി കവർച്ചയിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി പട്ടാമ്പി പൊലീസ്. പട്ടാമ്പി ആരാധന ജ്വല്ലറിയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നടന്ന കവർച്ചയിലെ പ്രതികളായ തിരുവനന്തപുരം നെടുമങ്ങാട് കൊട്ടമല സ്വദേശി ബിനു, മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് ചെമ്പത്ത് വീട്ടിൽ റഫീഖ് എന്ന മുരളി (43) എന്നിവരെയാണ് ശാസ്ത്രീയാന്വേഷണത്തിലൂടെ പിടികൂടിയത്.
ജ്വല്ലറി കുത്തിത്തുറന്ന് എട്ട് പവൻ ആഭരണവും അമ്പതിനായിരം രൂപയുമാണ് കവർന്നത്. പട്ടാമ്പി നഗരത്തിൽ വർഷങ്ങളായി കഴിയുന്നവരാണ് പ്രതികൾ. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. ഇവരുടെ പേരിൽ നേരത്തെ കേസുകളുള്ളതും സഹായകമായി. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും ശാസ്ത്രീയാന്വേഷണസംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിരുന്നു. കവർന്ന സ്വർണം പല സ്ഥലങ്ങളിലായി വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി പ്രതികൾ മൊഴി നൽകി.
ജില്ല പൊലീസ് മേധാവി അജിത്കുമാറിന്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ്കുമാർ, പട്ടാമ്പി ഇൻസ്പെക്ടർ എസ്. അൻഷാദ്, സബ് ഇൻസ്‌പെക്ടർ ഉദയകുമാർ, എ.എസ്.ഐമാരായ റഷീദ്, ജയകുമാർ, ഡിവിഷൻ ക്രൈംസ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പി. അബ്‌ദുൽ റഷീദ്, ബിജു, മിജേഷ്, റിയാസ്, പി. സജിത്ത്, ഷൻഫീർ, കമൽ, സജിത്ത്, നൗഷാദ്ഖാൻ, സന്ദീപ്, മുരുകൻ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

