പൊറോട്ടയും ഇറച്ചിയും നൽകിയില്ല; അക്രമികൾ ഹോട്ടൽ തകർത്തതായി പരാതി
text_fieldsവർക്കല: പൊറോട്ടയും ഷവായിയും സൗജന്യമായി നൽകാത്തതിെൻറ പേരിൽ അക്രമിസംഘം ഹോട്ടലും ഉടമയുടെ വീടും കാറും ആക്രമിച്ചു നശിപ്പിച്ചു. രണ്ട് ഹോട്ടൽ ജീവനക്കാരുടെ വീടും ആക്രമിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഇടവയിലാണ് സംഭവം നടന്നത്. ഇടവ ഹാജിറ കോംപ്ലക്സിന് സമീപത്തെ അൽ അറമൈനി ഹോട്ടലിന് നേർക്കാണ് ആക്രമണമുണ്ടായത്. കണ്ടാലറിയാവുന്ന ആറുപേരുൾപ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ പാച്ചു എന്നു വിളിക്കുന്ന തസ്റീൻ അയിരൂർ പൊലീസിന് പരാതി നൽകി.
വ്യാഴാഴ്ചയാണ് സംഘം പതിനഞ്ച് പൊറോട്ടയും ഒരു ഫുൾ ഷവായിയും മറ്റൊരു ഫുൾ ചിക്കൻ ഫ്രൈയും സൗജന്യമായി ആവശ്യെപ്പട്ടതത്രെ. ലഭിക്കാത്തതിൽ പ്രകോപിതരായ സംഘം പതിനൊന്നരയോടെയെത്തി ഹോട്ടലിെൻറ മുൻവശത്തെ ഗ്ലാസ് പാനലുകൾ എറിഞ്ഞു തകർത്തുവെന്ന് പരാതിയിൽ പറയുന്നു. കാറിെൻറ ഗ്ലാസുകളും അടിച്ചു തകർത്തു. തുടർന്നാണ് അക്രമിസംഘം തസ്റീെൻറ വെറ്റക്കടയിലെ വീടിനും ശ്രീയേറ്റിലും ഇടവ ജങ്ഷനിലും താമസിക്കുന്ന രണ്ട് ജീവനക്കാരുടെ വീടുകളും ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തിയത്.
രാത്രിയിൽ തന്നെ പൊലീസെത്തി അക്രമിസംഘത്തിലുൾപ്പെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ പൊലീസ് സംഭവ സ്ഥലങ്ങൾ പരിശോധിച്ച് കേസെടുത്തു. എന്നാൽ, കസ്റ്റഡിയിലുള്ളവരെ സംശയത്താൽ പിടിച്ചുകൊണ്ടു വന്നതാണെന്നാണ് അയിരൂർ പൊലീസ് പറയുന്നത്. ഇതേ അക്രമിസംഘത്തിലുള്ളവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും ആക്ഷേപമുണ്ട്. അതിനിടെ കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന സംശയവും നാട്ടുകാരിലുണ്ട്. വ്യാപാരി വ്യവസായി ഏകോപനസമിതി ഇടവ യൂനിറ്റ് ഭാരവാഹികൾ ഹോട്ടൽ സന്ദർശിച്ചു.അന്വേഷണം ഊർജിതമാക്കി കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് പ്രസിഡൻറ് പുത്തൂരം നിസാം അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
