ആശുപത്രി ജീവനക്കാരുടെ വേതനം: 19ന് ബോര്‍ഡ് യോഗം
text_fieldsകൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് 19ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്ന് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് പി.കെ. ഗുരുദാസന് പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് നടത്തിയ ആശുപത്രി മാനേജ്മെൻറുകളുടെ ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈകോടതി ഉത്തരവ് ലംഘിച്ചുള്ള ഒരു നടപടിക്കും മിനിമം വേതന ഉപദേശക സമിതി മുതിരില്ല. സമയബന്ധിതമായി ബോര്‍ഡിെൻറ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. 19ന് ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട്, തീയതി എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കും.
എട്ട് അസോസിയേഷനുകളുടേതുള്‍പ്പെടെ ഇരുനൂറോളം പരാതികളാണ് ഹിയറിങ്ങില്‍ എത്തിയത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെയും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്കിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച് ഹിയറിങ് നടത്തി. പുതുക്കിയ മിനിമം വേതനപ്രകാരം 126 ശതമാനത്തിെൻറ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തികബാധ്യത മൂലം നിരവധി ആശുപത്രികള്‍ പൂട്ടിക്കഴിഞ്ഞെന്ന് അസോസിയേഷന് പ്രതിനിധികള്‍ പറഞ്ഞു. യോഗത്തില്‍ ലേബര്‍ കമീഷണര്‍ എ. അലക്സാണ്ടര്‍, ബോര്‍ഡ് അംഗങ്ങളായ കെ.പി. സഹദേവന്, കെ.പി. രാജേന്ദ്രന്, സി. എസ്. സുജാത, യു. പോക്കര്, കെ. ഗംഗാധരന്, തോമസ് ജോസഫ്, ബാബു ഉമ്മന്‍, കെ. കൃഷ്ണന്, എം.പി. പവിത്രന്, ജോസ് കാവനാട്, എം. സുരേഷ്, ജില്ല ലേബര്‍ ഓഫിസര്‍ കെ. വിനോദ് തുടങ്ങിയവരും പങ്കെടുത്തു.
ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം തൊഴില്ഭവനില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെയും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്കിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.