ദുരുപയോഗ സാധ്യത: ആശുപത്രി സംരക്ഷണ ഭേദഗതി ബില്ലിലെ 'വാക്കാലുള്ള അധിക്ഷേപ’ത്തിൽ പുനരാലോചന
text_fieldsതിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെ ‘വാക്കാലുളള അധിക്ഷേപം’ തടവിനും പിഴക്കും ഇടയാക്കുമെന്ന ആശുപത്രി സംരക്ഷണ ഭേദഗതി ബില്ലിലെ പരാമർശത്തിൽ നിയമസഭയിൽ പരക്കെ വിമർശനം.
ദുരുപയോഗ സാധ്യതയും നിരപരാധികൾ ഇരയാക്കപ്പെടുമെന്നതും ഭരണ-പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതോടെ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയിൽ വിഷയം പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിപ്പിച്ചും സെക്യൂരിറ്റി ജീവനക്കാരെയും ആംബുലൻസ് ഡ്രൈവർമാരെയുമടക്കം ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തിയുമുള്ള നിയമഭേദഗതിയുടെ മറുവശമാണ് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയത്.
ബിൽ ചർച്ചക്കെടുക്കും മുമ്പുതന്നെ ഭരണപക്ഷത്തെ കെ.ബി. ഗണേഷ് കുമാർ പരസ്യ വിമർശനം ഉന്നയിച്ചു. ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കുമ്പോൾ രോഗികൾക്ക് ആരു സംരക്ഷണം കൊടുക്കുമെന്നും രോഗികൾക്കെന്താ സംരക്ഷണം വേണ്ടേയെന്നുമായിരുന്നു ഗണേഷിന്റെ ചോദ്യം. നിയമം ദുരുപയോഗം ചെയ്യുമോ എന്നതിൽ കനത്തആശങ്ക ഉയരുന്നുണ്ടെന്ന് അനൂപ് ജേക്കബ് പറഞ്ഞു. നിയമമുണ്ടാക്കുമ്പോൾ കൃത്യവും വ്യക്തവുമായിരിക്കണം. ‘വാക്കാലുള്ള അധിക്ഷേപം’ ശിക്ഷാർഹമാണ്. എന്തു വാക്ക്, ഏതു രീതി എന്നതൊന്നും നിർണയിച്ചിട്ടില്ല.
കേരളത്തിൽ പല തരത്തിലുള്ള ഭാഷാ ശൈലിയുണ്ട്. തെക്കൻ കേരളത്തിലെ ഭാഷാ ശൈലിയല്ല, വടക്കൻ കേരളത്തിലുള്ളത്. ഇവിടെയാണ് നിരപരാധികൾക്ക് നേരെ ഇവ പ്രയോഗിക്കപ്പെടുമോ എന്ന ആശങ്ക ഉയരുന്നത്. ചികിത്സ പിഴവ് മൂലം ജീവഹാനി സംഭവിച്ച എത്രയോ കേസുകളുണ്ട്. ഇക്കാര്യത്തിലെ തുടർനടപടികൾ പരിമിതമാണ്. ‘സിസ്റ്റ’ത്തോട് പൊരുതി ജയിക്കുക സാധാരണക്കാരന് സാധ്യമല്ല. ഇത്തരത്തിൽ നിയമങ്ങൾ കൊണ്ടുവരുമ്പോൾ അത് ഏകപക്ഷീയമായി പോകരുതെന്നും അനൂപ് സൂചിപ്പിച്ചു.
രോഗി പ്രതീക്ഷിക്കുന്ന നിലയിലെ പ്രതിവിധിയുണ്ടായില്ലെങ്കിൽ പ്രതികരണങ്ങളുണ്ടാകും. മനുഷ്യാവകാശ കമീഷൻ സർക്കാറിനോട് രോഗികളുടെ അവകാശ പത്രിക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ചികിത്സയുടെ ഗുണമേന്മ ഉറപ്പാക്കൽ, സ്വകാര്യത ഉറപ്പുവരുത്തൽ, നിരക്ക് ഏകീകരണം, ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവയൊന്നും അവകാശപത്രികയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.
നിയമം രോഗികളുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ദുരുപയോഗ സാധ്യത ഒഴിവാക്കണമെന്ന് വി.കെ. പ്രശാന്ത് കൂട്ടിച്ചേർത്തു.
രോഗികൾക്കും പരാതി പറയാം; ത്രിതല സംവിധാനം വരുന്നു
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതി പരിഹരിക്കുന്നതിന് സംസ്ഥാനതലത്തിൽ ത്രിതല സംവിധാനം വരുന്നു. ആശുപത്രി, ജില്ല, സംസ്ഥാന തലങ്ങളിലാണ് സംവിധാനം. രോഗികളുടെ ഭാഗത്തുനിന്ന് സംസാരിക്കുന്നതിന് പുറത്തുനിന്നുള്ള അംഗങ്ങളെയും സമിതിയിൽ ഉൾപ്പെടുത്തും. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉത്തരവ് ഉടൻ ഇറങ്ങുമെന്നും ആശുപത്രി സംരക്ഷണ ഭേദഗതി ബിൽ ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകർക്കുനേരെ വാക്കാലുള്ള അധിക്ഷേപം പിഴയ്ക്കും തടവിനുമടക്കം കാരണമാകുമെന്ന നിയമഭേദഗതി ദുരുപയോഗ സാധ്യതയുള്ളതാണെന്ന് ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ സബ്ജക്ട് കമ്മിറ്റിയിൽ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രോഗികളോടുള്ള ആരോഗ്യപ്രവർത്തകരുടെ ഇടപെടലിൽ പ്രോട്ടോകോൾ തയാറാക്കും. ഇതിന് ബോധവത്കരണം നൽകും.
ആരോഗ്യപ്രവർത്തകരെ മാത്രമല്ല, രോഗികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുകയാണ് സർക്കാർ നിലപാട്. ആശുപത്രി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ ജാഗ്രതയുണ്ടാകും.
ഡി.എച്ച്.എസിന് കീഴിലെ 96 ആശുപത്രികളിൽ സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട്, കോട്ടയം, മഞ്ചേരി മെഡിക്കൽ കോളജുകളിൽ വൈകാതെ കാമറ ഏർപ്പെടുത്തും. പ്രധാന ആശുപത്രികളിൽ പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. ചർച്ചക്കുശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

