ആശുപത്രികളിലെ ഭക്ഷണവിതരണം: ചർച്ചകൾക്ക് ചൂടേറുമ്പോഴും മുടങ്ങാതെ ഭക്ഷണമെത്തിച്ച് ഡി.വൈ.എഫ്.ഐയും സി.എച്ച് സെന്ററും
text_fieldsഎ.ഐ ചിത്രം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ചൂടേറുമ്പോൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുടങ്ങാതെ ഭക്ഷണമെത്തി. ഡി.വൈ.എഫ്.ഐയും സി.എച്ച് സെന്ററുമാണ് മുടങ്ങാതെ ആശുപത്രികളിൽ ഭക്ഷണമെത്തിക്കുന്നത്. ദിവസവും മൂവായിരത്തിനടുത്ത് ആളുകൾക്ക് ഇവർ ഭക്ഷണം നൽകുന്നുണ്ട്. ആശുപത്രിയിലെ ഭക്ഷണ വിതരണത്തിനെതിരേ ജി. സുധാകരൻ നടത്തിയ പരാമർശത്തോടെയാണ് വിഷയം ചർച്ചയായത്.
വിഷയം ഇടത് സൈബറിടങ്ങൾ സുധാകരനെതിരേ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. പ്രസംഗം തത്പരകക്ഷികൾ വളച്ചൊടിച്ചതാണെന്ന് സുധാകരൻ തിരുത്തിയതോടെ വിവാദം തൽക്കാലം അടങ്ങിയെങ്കിലും സൈബറിടത്തുനിന്ന് വിട്ടിട്ടില്ല. കിടത്തിച്ചികിത്സ തേടുന്ന രോഗികളും കൂട്ടിരിപ്പുകാരുമായി മൂവായിരത്തിന് മുകളിൽ ആളുകൾ ആശുപത്രിയിലുണ്ടാകും. നിത്യേന രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ ആളുകളാണ് ഒ.പി പരിശോധനക്കെത്തുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനായി സമീപസ്ഥലങ്ങളിലെ നിർധനരായ ആളുകളും വിതരണസമയത്ത് ആശുപത്രിയിലെത്താറുണ്ട്.
ജില്ലയിലെ മേഖല കമ്മിറ്റികൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ വിതരണം ചെയ്യുന്നത്. നിത്യേന രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ ആളുകൾക്ക് ഇത് നൽകുന്നുണ്ട്. ഇലപ്പൊതികളിൽ കൊണ്ടുവരുന്ന ആഹാരം രോഗികളും കൂട്ടിരിപ്പുകാരും പാത്രങ്ങളിൽ വാങ്ങണം. പുറത്തിരുന്ന് കഴിക്കുന്നവർ പൊതികൾ അതതിടങ്ങളിലെ ബക്കറ്റുകളിൽ നിക്ഷേപിക്കണം. ആഹാരമെത്തിക്കുന്ന മേഖല കമ്മിറ്റികൾ പൊതിയും മാലിന്യവും വാഹനത്തിൽ തിരികെക്കൊണ്ടുപോയി നശിപ്പിക്കും. പൊതിച്ചോർ വിതരണം ഒമ്പത് കൊല്ലവും 40 ദിവസവും പിന്നിട്ടു.
മുസ്‌ലിം ലീഗിന് കീഴിലുള്ള സി.എച്ച് സെന്റർ 15 വർഷമായി വൈകീട്ട് 400 പേർക്ക് ചപ്പാത്തിയും കറിയും നൽകുന്നുണ്ട്. നോമ്പുകാലത്ത് നോമ്പുതുറ വിഭവങ്ങളും പെരുന്നാളിനെത്തുന്ന മുഴുവൻ പേർക്കും ബിരിയാണിയും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

