അടുത്തത് എന്തായിരിക്കും ചെയ്യുകയെന്ന് പറയാനാവില്ലെന്ന് ആശമാർ
text_fieldsതിരുവനന്തപുരം: ആശമാരുടെ സമരത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ധനമന്ത്രിയും ചർച്ച ചെയ്ത് തീരുമാനമെടുത്തില്ലെങ്കിൽ അടുത്തത് എന്തായിരിക്കും ചെയ്യുകയെന്ന് പറയാനാവില്ലെന്ന് ആശമാർ. 'ഉപരോധമോ സമരമോ ഒന്നുമല്ല, സ്വന്തം ജീവിതം അവസാനിപ്പിക്കും. ഇതിനപ്പുറം ഞങ്ങൾ എങ്ങനെയാണ് ക്ഷമിക്കേണ്ടത്?
320 രൂപക്ക് നിങ്ങളുടെ വീട്ടിൽ കുടുംബം നോക്കാൻ കഴിയുമോയെന്നും മുടി മുറിച്ച് പ്രതിഷേധിച്ച ആശമാർ ചോദിച്ചു. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്നുവരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചത്.

'ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന പ്രക്ഷോഭത്തോട് മുഖംതിരിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഫെബ്രുവരി 10-ന് ആരംഭിച്ച സമരത്തിനിടെ, ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ടുവട്ടംമാത്രമാണ് ചര്‍ച്ച നടന്നത്. 26,448 ആശപ്രവര്‍ത്തകരാണ് കേരളത്തിലുള്ളത്. മാസം 7000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. കേന്ദ്രത്തിന്റെ സ്ഥിരം ഇന്‍സെന്റീവ് 3000 രൂപയുമാണ്.

ടെലിഫോണ്‍ അലവന്‍സ് 200 രൂപ ഉള്‍പ്പെടെ ഓരോപദ്ധതിയിലെയും പ്രകടനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികമായി നല്‍കുന്നത് 3000 രൂപ. ഇങ്ങനെ, ആശമാര്‍ക്ക് ഒരുമാസത്തെ പ്രതിഫലം 13,200 രൂപയാണ്. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് പത്ത് മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. സമരത്തെത്തുടര്‍ന്ന് അതൊഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

