ഇനി പ്രതീക്ഷ തുലാവർഷത്തിൽ; തെക്കൻ ജില്ലകളിൽ ശക്തമായ മഴക്കും വടക്ക് വരൾച്ചക്കും സാധ്യത
text_fieldsതിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (ഇടവപ്പാതി) രേഖപ്പെടുത്തിയത് വൻ മഴക്കുറവ്. ഇതിന് പിന്നാലെ വരാനിരിക്കുന്ന തുലാവർഷത്തിൽ (വടക്കുകിഴക്കൻ മൺസൂൺ) സംസ്ഥാനത്തുടനീളം മഴ ലഭ്യതയിൽ വലിയ പ്രാദേശിക അസമത്വത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കൻ കേരളത്തിൽ മികച്ച മഴ ലഭിക്കുമെന്നാണ് സൂചനയെങ്കിലും വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴ പോലും കിട്ടില്ലെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ പൊതുവെ സാധാരണ മഴ ലഭിക്കും. എന്നാൽ കേരളത്തിൽ ഇതിന്റെ വിതരണം ഒരുപോലെയായിരിക്കില്ല. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാരപഥമാണ് തുലാവർഷത്തെ പ്രധാനമായും നിർണയിക്കുന്നത്. ഒന്നോ രണ്ടോ ശക്തമായ ചുഴലിക്കാറ്റുകൾ ഉയർന്നുവന്നാൽ മഴയുടെ ആകെ കണക്കുകൾ മാറിയേക്കാം.
ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വെറും 1,446.5 മില്ലീമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് പെയ്തത്. 1901ന് ശേഷമുള്ള ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും കുറഞ്ഞ കാലവർഷമാണിത്.
പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടും. ഉച്ചക്ക് ശേഷവും രാത്രിയിലുമായിരിക്കും ഇടിമിന്നലോട് കൂടിയ തുലാവർഷ മഴക്ക് സാധ്യത.
വരാനിരിക്കുന്ന മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കിയിൽ വെള്ളിയാഴ്ചയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

