71,749 കേസുകളിൽ കൈത്താങ്ങായി, 14,210 പേർക്ക് താൽക്കാലിക അഭയം; പ്രതീക്ഷയുടെ വാതിലായി കുടുംബശ്രീ ‘സ്നേഹിത’
text_fieldsതിരുവനന്തപുരം: അതിക്രമങ്ങളുടെ ഇരകളായി ജീവിതം വഴിമുട്ടിയ സ്ത്രീകൾക്കും കുട്ടികൾക്കും പ്രതീക്ഷയുടെ വാതിലായി കുടുംബശ്രീയുടെ ‘സ്നേഹിത’ ജെൻഡർ ഹെൽപ് ഡെസ്ക് 13 വർഷം പിന്നിടുന്നു. അടിയന്തര സുരക്ഷക്കൊപ്പം നിയമ, വൈദ്യ, മാനസിക, സാമൂഹിക പിന്തുണ ഉറപ്പാക്കി ഇതുവരെ 71,749 കേസുകളിൽ സ്നേഹിത കൈത്താങ്ങായി. 14,210 പേർക്ക് താൽക്കാലിക അഭയവും നൽകി.
2013 ആഗസ്റ്റ് 23ന് എറണാകുളത്ത് പ്രവർത്തനമാരംഭിച്ച സ്നേഹിത ഇന്ന് സംസ്ഥാനത്തെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രതിസന്ധിഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന സുരക്ഷിത ഇടമായി മാറി. പദ്ധതി ആരംഭിച്ചത് മുതൽ 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 14 ജില്ലകളിലും അട്ടപ്പാടിയിലുമായി പ്രവർത്തിക്കുന്ന 15 സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുകൾ വഴി 24 മണിക്കൂറും 365 ദിവസവും സൗജന്യ സേവനം നൽകുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 4,613 നേരിട്ടുള്ള കേസുകളും 3,212 ടെലിഫോൺ കേസുകളും ഉൾപ്പെടെ 7,825 കേസുകളാണ് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,516 എണ്ണം ഗാർഹിക പീഡന കേസുകളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ഗാർഹിക പീഡന കേസുകൾ (429) റിപ്പോർട്ട് ചെയ്തത്. കാസർകോട്ടാണ് ഏറ്റവും കുറവ് (ആറ്). 209 പോക്സോ കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 17,465 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ 2,948 ഗാർഹിക പീഡന കേസുകളും 527 പോക്സോ കേസുകളും കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട 320 കേസുകളും ഉൾപ്പെടുന്നു. ഈ കാലയളവിൽ 4,126 പേർക്ക് താൽക്കാലിക അഭയവും നൽകി.
സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്റർ
സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2025 മാർച്ചിൽ സംസ്ഥാനത്തെ 84 ഡിവൈ.എസ്.പി, എ.സി.പി ഓഫിസുകളിൽ സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തനമാരംഭിച്ചു. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പൊലീസ് റഫർ ചെയ്യുന്ന മുറക്ക് ഈ കേന്ദ്രങ്ങളിലൂടെ മാനസിക പിന്തുണയും കൗൺസലിങ്ങും ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ 7,901 പേർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കി. തൃശൂരിലാണ് ഏറ്റവും കൂടുതൽ പേർക്ക് (1,509) സേവനം ലഭിച്ചത്. എറണാകുളത്ത് 1,000 പേർക്കും കൊല്ലത്ത് 942 പേർക്കും പിന്തുണ നൽകി.
കൗൺസലിങ്ങും നിയമസഹായവും
അതിക്രമങ്ങളെ അതിജീവിച്ചവർക്ക് അടിയന്തര സുരക്ഷക്കൊപ്പം കൗൺസലിങ്, നിയമസഹായം, വൈദ്യസഹായം, ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് മടങ്ങാനുള്ള പിന്തുണ എന്നിവയും സ്നേഹിത ഉറപ്പാക്കുന്നു. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുമായി സഹകരിച്ച് നിയമവിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നാമമാത്ര തുകയിൽ രാത്രി സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടോൾഫ്രീ നമ്പർ 155055 വഴിയും സ്നേഹിതയുടെ സേവനം ലഭ്യമാണ്. 24 മണിക്കൂറും ടെലികൗൺസലിങ് സേവനവും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

