െഎ.പി.എസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഉപയോഗിച്ച് 'ഹണിട്രാപ്പ്'; 17കാരനും പിടിയിൽ
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് 'ഹണിട്രാപ്പി'ലൂടെ പണം തട്ടിയ രാജസ്ഥാൻ സ്വദേശികളെ സൈബർ ക്രൈം പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് കാമൻ സ്വദേശികളായ നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തത്. പൊലീസുകാരുടെ പേരിൽ സമൂഹമാധ്യമ അക്കൗണ്ട് സൃഷ്ടിച്ച് സന്നദ്ധപ്രവർത്തനങ്ങൾക്കായി പണം ആവശ്യപ്പെട്ട രാജസ്ഥാൻ സ്വദേശിയായ 17കാരനും പിടിയിലായിട്ടുണ്ട്.
ഫേസ്ബുക്ക് മെസഞ്ചർ വഴി സൗഹൃദം സ്ഥാപിച്ച് വാട്സ്ആപ്പിലൂടെ ശബ്ദസന്ദേശങ്ങൾ അയച്ച് യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഐ.ജി പി. വിജയൻ അടക്കം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ കരസ്ഥമാക്കിയാണ് 17 കാരൻ തട്ടിപ്പ് നടത്തിയത്. ഓൺലൈൻ പഠനത്തിനായി വീട്ടുകാർ നൽകിയ മൊബൈൽ ഫോണും ഇൻറർനെറ്റ് കണക്ഷനും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.