ഹണി ട്രാപ്: രണ്ട് പേർകൂടി പിടിയിൽ
text_fieldsകോതമംഗലം: ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് പേർകൂടി അറസ്റ്റിൽ. ഇതോടെ യുവതി ഉൾെപ്പടെ പിടിയിലായവരുടെ എണ്ണം ഏഴായി. കുട്ടമ്പുഴ കല്ലേലിമേട് തോബ്രയിൽ ടി.വി. നിഖിൽ (24), കുറ്റിലഞ്ഞി പുതുപ്പാലം പാറക്കൽ പുത്തൻപുര അഷ്കർ (21) എന്നിവരെയാണ് വെള്ളിയാഴ്ച പിടികൂടിയത്. നെല്ലിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19), നെല്ലിക്കുഴി സ്വദേശികളായ കാപ്പുചാൽ മുഹമ്മദ് യാസിൻ (22), പറമ്പിൽ റിസ്വാൻ (21), കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ആസിഫ് (19) എന്നിവർ നേരേത്ത അറസ്റ്റിലായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദ സംഭവം. മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ മുമ്പ് ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആര്യ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തി കെണിയിൽ അകപ്പെടുത്തി ഇയാളോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തപക്ഷം നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും എ.ടി.എം, പാൻ കാർഡുകൾ കൈക്കലാക്കുകയും ചെയ്തു.
തുടർന്ന് കാറിൽ കയറ്റി കറങ്ങിനടക്കുകയും ഇയാളുടെ അക്കൗണ്ടിൽനിന്ന് 35,000 രൂപ പിൻവലിക്കുകയും ചെയ്തു. മോചിപ്പിക്കാൻ മൂന്നര ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. കോട്ടപ്പടിയിൽ തന്ത്രത്തിൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ സ്ഥാപന ഉടമ കോട്ടപ്പടി സ്റ്റേഷനിലെത്തുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.