കൊച്ചി: പ്രണയം നടിച്ച് 19കാരനെ വിളിച്ചുവരുത്തി സ്വർണവും ഫോണും കവർന്ന കേസിൽ യുവതിയും യുവാവും അറസ്റ്റിലായി. ഇടപ്പള്ളി പോണേക്കര സ്വദേശി അൽത്താഫ് (21), കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാന (24) എന്നിവരെയാണ് ചേരാനല്ലൂർ പൊലീസ് പിടികൂടിയത്.
ചേരാനല്ലൂർ വിഷ്ണുപുരം -ഫെഡറൽ ബാങ്ക് ലിങ്ക് റോഡിൽ വാടകവീട്ടിൽ താമസിച്ചാണ് ഇരുവരും ഹണി ട്രാപ് നടത്തിയത്. അൽത്താഫിെൻറ പരിചയക്കാരനും വട്ടേക്കുന്നം സ്വദേശിയുമായ 19കാരനെ പ്രണയം നടിച്ച് റിസ്വാന വീട്ടിലേക്ക് വരുത്തുകയും നഗ്നനാക്കി ഫോട്ടോ എടുത്ത് ഇയാളുടെ സ്വർണമാലയും മൊബൈൽ ഫോണും കവരുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് 19കാരൻ ചേരാനല്ലൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് കവർച്ചമുതലുകളും കണ്ടെടുത്തു.
ചേരാനല്ലൂർ സി.ഐ എൻ.ആർ. ജോസിെൻറ നേതൃത്വത്തിൽ എസ്.ഐ കെ.ആർ. രൂപേഷ്, എസ്.സി.പി.ഒമാരായ വി.എ. ഷുക്കൂർ, സിഗോഷ്, പോൾ എൽ.വി, സിപി.ഒമാരായ നിഥിൻ, അനീഷ്, പ്രിയ, ജാൻസി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.