ഹണി ട്രാപ് ശ്രമം; യുവതിയും സുഹൃത്തും പിടിയിൽ
text_fieldsമട്ടാഞ്ചേരി: ഹണി ട്രാപ് എന്ന ലക്ഷ്യത്തോടെ ലോഡ്ജ് ഉടമയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയൽ രേഖകളും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. മട്ടാഞ്ചേരി മംഗലത്തുപറമ്പിൽ റിൻസീന (29), ഓട്ടോ ഡ്രൈവറായ ഫോർട്ട്കൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാൻ (25) എന്നിവരാണ് അറസ്റ്റിലായത്.
ഫോർട്ട്കൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഇവർ, ശീതളപാനീയം ഓർഡർ ചെയ്ത് കഴിച്ചശേഷം സുഖമില്ലെന്നുപറഞ്ഞ് മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി അഡ്മിറ്റായി. ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും വിളിച്ചുവരുത്തി ആശുപത്രിയിലെ മുറിയിൽ പൂട്ടിയിടുകയും പണവും തിരിച്ചറിയൽ രേഖകളും തട്ടിയെടുത്ത് ഇവരുടെ ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി വിട്ടയക്കുകയുമായിരുന്നു.
ഹണി ട്രാപ് മാതൃകയിലെ തട്ടിപ്പാണ് പ്രതികൾ ഉദ്ദേശിച്ചതെങ്കിലും ലോഡ്ജ് ഉടമയും സുഹൃത്തും വഴങ്ങാതായതോടെ ലോഡ്ജിൽനിന്ന് കൊടുത്ത ശീതളപാനീയത്തിൽ എന്തോ കലർത്തിയെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ലോഡ്ജ് ഉടമ മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന് പരാതി നൽകിയതോടെ 24 മണിക്കൂറിനകം പ്രതികളെ പിടികൂടുകയായിരുന്നു.

