ഹണിട്രാപ്: ഓട്ടോ ഡ്രൈവറുടെ പണം തട്ടിയ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ
text_fieldsഅടിമാലി: ഹണിട്രാപ്പിൽപെടുത്തി ഓേട്ടാ ഡ്രൈവറുടെ 70,000 രൂപ തട്ടിയ സംഭവത്തിൽ അടിമാലി ബാറിലെ അഭിഭാഷകൻ ചാറ്റുപാറ മറ്റപ്പിള്ളിൽ അഡ്വ.ബെന്നി മാത്യു (50) അറസ്റ്റിൽ. അടിമാലി മന്നാങ്കാല ലക്ഷം വീട് കോളനിയിൽ കളംപാട്ട്കുടി സിജുവിെൻറ പരാതിയിൽ തിങ്കളാഴ്ച രാവിലെയാണ് ഇൻസ്പെക്ടർ അനിൽ ജോർജിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അടിമാലിയിലെ വ്യാപാരിയെ ഹണി ട്രാപ്പിൽപെടുത്തി പണം തട്ടിയ ഇതേ അഭിഭാഷകൻ ഉൾപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന കല്ലാർകുട്ടി കത്തിപ്പാറ പഴക്കാളിയിൽ ലതാദേവി (32), പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയിൽ ഷൈജൻ (43) എന്നിവർ ഈ കേസിലും പ്രതികളാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ലതാദേവി സിജുവിനെ കൂമ്പൻപാറയിലേക്ക് ഓട്ടം വിളിച്ചു.
ഇവിടേക്ക് പോകുന്നതിനിടെ സിജുവുമായി അടുത്തിടപഴകുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷം മാധ്യമ പ്രവർത്തകൻ എന്ന വ്യാജേന ൈഷജൻ ഓട്ടോഡ്രൈവറെ ഫോണിൽ വിളിക്കുകയും ആദിവാസിയായ ലതാദേവിയെ കയറിപ്പിടിച്ചതിന് കേസിൽ കുടുക്കി ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന്, ഓട്ടോക്കാരൻ ലതാദേവിയുടെ അക്കൗണ്ടിൽ 40,000 രൂപ നിക്ഷേപിച്ചു. പിന്നീട് അഭിഭാഷകൻ വിളിക്കുകയും മാധ്യമ പ്രവർത്തകൻ പറഞ്ഞ 30,000 രൂപ ഓഫിസിൽ വരുത്തി വാങ്ങുകയും ചെയ്തു. തിങ്കളാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ബെന്നി മാത്യുവിനെ അറസ്റ്റ് ചെയ്തത്.
സമാന സംഭവത്തിൽ ഇവർക്കെതിരെ മൂന്നുകേസാണ് അടിമാലി സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെരിപ്പുകട വ്യാപാരി വിജയെൻറ പരാതിയിലാണ് ആദ്യ അറസ്റ്റ്. ഷൈജനും ലതാദേവിയും 2017ൽ കത്തിപ്പാറയിലെ പോസ്റ്റ്മാനെ കെണിയിൽപെടുത്തി പണം തട്ടിയിരുന്നു. ഈ കേസിെൻറ വിചാരണ നടക്കുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. ഷൈജനെതിരെ ചാരായം വിറ്റതിന് അടക്കം ഒമ്പത് കേസ് അടിമാലിയിൽ മാത്രമുണ്ട്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ബെന്നി മാത്യുവിനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
LATEST VIDEO