രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഹണി ഭാസ്കരൻ
text_fieldsഹണി ഭാസ്കരൻ, രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാവുന്നതായി ഹണി ഭാസ്കരൻ. സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെന്നും അവർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹണി ഭാസ്കരന്റെ പ്രതികരണം. ഏറ്റവും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും ഇതുകൊണ്ടെന്നും തന്നെ തകർക്കാനാവില്ലെന്നും ഹണി ഭാസ്കരൻ പറഞ്ഞു.
തന്നോട് ചാറ്റ് ചെയ്തശേഷം അതേക്കുറിച്ച് രാഹുൽ മോശമായി സംസാരിച്ചുവെന്നാണ് ഹണിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് താൻ അറിഞ്ഞത്. അതിനാലാണ് ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്നും ഹണി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
താൻ യാത്രകൾ നടത്തിയതിന് ശേഷം അതേക്കുറിച്ച് അറിയാനെന്ന പേരിലാണ് രാഹുൽ മെസേജ് അയച്ചത്. അതിന് താൻ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇതേക്കുറിച്ച് ഇയാൾ വളരെ മോശമായാണ് പലരോടും സംസാരിച്ചത്. അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് എന്നെ ചിത്രീകരിച്ചതെന്നും ഹണി പറഞ്ഞിരുന്നു.
രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുലിന്റെ ഇരയായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും കോൺഗ്രസ് പ്രവർത്തകർക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായെത്തുമെന്നും ഹണി പറഞ്ഞിരുന്നു.
ഹണി ഭാസ്കരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സ്ത്രീകൾ ഏതെങ്കിലും രീതിയിൽ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയാൽ ഉടൻ സൈബർ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെർവേർറ്റുകളുടെ ആഘോഷം കണ്ടു. ഏറ്റവും ഭീകരമായ സൈബർ ആക്രമണം നേരിടുന്നു പക്ഷേ,
നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി. നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വെച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. ആ കരുത്തോടെയാണ് മുൻപോട്ട്.
എനിക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണ്. നിങ്ങൾക്കുള്ള പൊതിച്ചോറ് വീട്ടിൽ എത്തിക്കാൻ സർക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ? പോസ്റ്റുകൾ, കമന്റുകൾ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം...!
സൈബർ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി...!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

