പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റു; കൊണ്ടോട്ടിയിൽ ഗൃഹനാഥന് ദാരുണാന്ത്യം, കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് പരാതി
text_fieldsമുഹമ്മദ് ഷാ
കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി നീറാട് സ്വദേശി മങ്ങാട് അനക്കച്ചേരി മുഹമ്മദ് ഷാ (57) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.45നാണ് അപകടം.
കര്‍ഷകനായ മുഹമ്മദ് ഷാ വീടിനു സമീപത്തെ സ്വന്തം തോട്ടത്തില്‍ തെങ്ങിന് തടംതുറക്കാന്‍ പോയപ്പോള്‍ വീണുകിടന്നിരുന്ന വൈദ്യുതിക്കമ്പിയില്‍ തട്ടി അപകടത്തിൽപെടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും ബന്ധുക്കളും ഓടിയെത്തി മുഹമ്മദ് ഷായെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് മുഹമ്മദ് ഷായുടെ മരണത്തിനിടയാക്കിയതെന്ന പരാതിയുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തുണ്ട്. ബുധനാഴ്ച രാത്രി ഒമ്പതോടെ മേഖലയില്‍ വൈദ്യുതിബന്ധം നിലച്ചിരുന്നു.
ശക്തമായ കാറ്റിലും മഴയിലും അപകടസ്ഥലത്തിന് അല്‍പം മാറി മരം വീണ് വൈദ്യുതിലൈന്‍ പൊട്ടിവീഴുകയായിരുന്നു. രാത്രിതന്നെ ഇക്കാര്യം മുണ്ടക്കുളം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ അറിയിച്ചിരുന്നെന്നും വ്യാഴാഴ്ച ഉച്ചവരെ ലൈന്‍ ഓഫ് ചെയ്യാന്‍പോലും നടപടിയുണ്ടായില്ലെന്നും ഇതാണ് ഗൃഹനാഥന്റെ ജീവൻ നഷ്ടപ്പെടാന്‍ കാരണമെന്നുമാണ് പരാതി. ഇക്കാര്യം അന്വേഷിക്കുമെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു. സീനത്താണ് മരിച്ച മുഹമ്മദ് ഷായുടെ ഭാര്യ. മക്കള്‍: സഫ്‍വാന, ഷിഫ്‌ന, ശിഫാന്‍. മരുമകന്‍: മുജീബ് റഹ്‌മാന്‍ പുളിയക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

