Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഷ്ഠരോഗ നിര്‍മാര്‍ജന...

കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം

text_fields
bookmark_border
കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം
cancel

തിരുവനന്തപുരം: കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ആറാം ഘട്ടം 'അശ്വമേധം 6.0' ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായ ജനുവരി 30ന് ആരംഭിക്കുന്നു. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ രണ്ടാഴ്ചക്കാലമാണ് ഈ ക്യാമ്പയിന്റെ ഭാഗമായി ഭവന സന്ദര്‍ശനം നടത്തുന്നത്.

ഇതോടൊപ്പം കുഷ്ഠരോഗ ബോധവത്കരണം ലക്ഷ്യമാക്കി സ്പര്‍ശ് ക്യാമ്പയിനും നടത്തുന്നതാണ്. സംസ്ഥാനതല ഉദ്ഘാടനം ജനുവരി 30ന് രാവിലെ 10.30 മണിക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. വി.കെ. പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠ രോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാ പ്രവര്‍ത്തകയും ഒരു സന്നദ്ധ പ്രവര്‍ത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നു.

സമൂഹത്തില്‍ ഇപ്പോഴും കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ പതിനായിരത്തില്‍ 0.11 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കൂടാതെ കുട്ടികളിലും രോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ഈ ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അറിയിച്ചു.

മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന രോഗമാണ് കുഷ്ഠം. വായുവിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗിയുമായി അടുത്ത ശാരീരിക സമ്പര്‍ക്കം വഴിയും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ പത്ത് വര്‍ഷം വരെ സമയമെടുക്കും. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കും.

തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മം, തിളങ്ങുന്ന ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, കണ്ണ് അടക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആകാം.

കേരളത്തില്‍ 2023-2024 കാലയളവില്‍ 407 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി. കുഷ്ഠ രോഗികളോട് യാതൊരുവിധ അവഗണയും കാണിക്കരുത്. രോഗികളെയല്ല, രോഗത്തെയാണ് നാം അകറ്റിനിര്‍ത്തേണ്ടത്. സമൂഹത്തില്‍ ആര്‍ക്കെങ്കിലും ഇനിയും കണ്ടെത്താത്ത കുഷ്ഠ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Departmenteradicating leprosy
News Summary - Home visits led by health department with the aim of eradicating leprosy
Next Story