ക്വാറൻറീൻ നിർദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളിൽ വീട്ടിൽ സൗകര്യമുള്ളവരെയെല്ലാം ഹോം ക്വാറൻറീനിലേക്ക് മാറ്റുന്ന രീതിയിൽ ക്വാറൻറീൻ മാർഗരേഖ സർക്കാർ പുതുക്കി. വീട്ടിൽ സൗകര്യമുള്ളവരിൽനിന്ന് പ്രാഥമിക പരിശോധനക്ക് ശേഷം സത്യവാങ്മൂലം വാങ്ങി മുൻകരുതൽ നിർദേശം നൽകും.
സ്വന്തം വാഹനത്തിലോ ടാക്സിയിലോ ഇവർക്ക് വീട്ടിൽ പോകാം. തദ്ദേശസ്ഥാപനം, പൊലീസ്, കോവിഡ് കെയർ സെൻറർ നോഡൽ ഒാഫിസർ, കലക്ടർ എന്നിവർക്കെല്ലാം വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പാക്കും. വീട്ടിൽ സൗകര്യമുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല തദ്ദേശസ്ഥാപനത്തിനാണ്. അസൗകര്യമുണ്ടെങ്കിൽ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷിത ക്വാറൻറീൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ബോധവത്കരണം നടത്തും.
കുട്ടികൾ, പ്രായമായവർ എന്നിവരുണ്ടെങ്കിൽ പ്രത്യേക മുൻകരുതൽ നിർദേശം നൽകും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറൻറീൻ ലംഘിച്ചാൽ പൊലീസ് നിയമനടപടി സ്വീകരിക്കും. വീട്ടിൽ ക്വാറൻറീൻ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം. വീടുകളിൽ സൗകര്യമില്ലാത്തവർക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സർക്കാർ നൽകുക. ആവശ്യപ്പെടുന്നവർക്ക് പണം നൽകി ക്വാറൻറീൻ സൗകര്യവും നൽകും.
സൗകര്യവും കർശനനിരീക്ഷണവും തദ്ദേശ സ്ഥാപനം, റവന്യൂ അധികൃതർ, പൊലീസ് തുടങ്ങിയവർ ഉറപ്പുവരുത്തും. വിമാനം വഴിയും ട്രെയിൻവഴിയും റോഡ് മാർഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പായി കോവിഡ് ജാഗ്രത പോർട്ടലിലൂടെ ഹോം ക്വാറൻറീൻ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിന് തെരഞ്ഞെടുക്കാം. സത്യവാങ്മൂലം സംബന്ധിച്ച് ജില്ല കോവിഡ് കൺട്രോൾ റൂം വിശദ അന്വേഷണം നടത്തി സുരക്ഷിത ക്വാറൻറീൻ ഉറപ്പാക്കണം. അല്ലാത്തപക്ഷം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അല്ലെങ്കിൽ പെയ്ഡ് ക്വാറൻറീൻ സൗകര്യമൊരുക്കും.
സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം പൊലീസ്, കോവിഡ് കെയർ സെൻറർ നോഡൽ ഒാഫിസർ, കലക്ടർ എന്നിവരെ അറിയിച്ചിരിക്കണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഒാരോ കാര്യവും റിപ്പോർട്ട് ചെയ്യാൻ ഫ്രണ്ട്ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലേക്കും പോകാം. ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിനുള്ള പ്രോേട്ടാക്കോൾ ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
