ലോക്ഡൗണിന് അയവ് വന്നിട്ടും പിരിമുറുക്കം വിട്ടൊഴിയാതെ ഭവന വായ്പ അപേക്ഷകർ
text_fields
ഒറ്റപ്പാലം: ലോക്ഡൗണിനെ തുടർന്ന് നിർമാണ മേഖല നേരിടുന്ന നിശ്ചലാവസ്ഥ ഭവന വായ്പ അപേക്ഷകരെ വെട്ടിലാക്കുന്നു. നിർമാണം തുടരാനോ ശേഷിക്കുന്ന നിർമാണ പ്രവൃത്തികളുമായി മുന്നോട്ട് പോകാനോ കഴിയാത്ത അവസ്ഥയിൽ അപേക്ഷകർ അനിശ്ചിതത്വത്തിലാണ്. നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മൂന്നോ നാലോ ഘട്ടങ്ങളിലായി വായ്പ തുകയുടെ വിതരണം പൂർത്തിയാക്കുന്നതാണ് ബാങ്കുകളുടെ രീതി. തറ നിർമാണം പൂർത്തിയാക്കുന്ന മുറക്ക് ആദ്യഗഡുവും ലിൻറൽ നിർമാണത്തിന് ശേഷം രണ്ടാം ഗഡുവും മെയിൻ വാർപ്പ് കഴിഞ്ഞാൽ മൂന്നാം ഗഡുവും മുഴുവനും പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് ശേഷിക്കുന്ന വായ്പ തുകയുടെയും വിതരണമെന്നതാണ് ഭൂരിഭാഗം ബാങ്കുകളും അനുവർത്തിക്കുന്നത്.
മൂന്ന് ഗഡുക്കളിൽ വായ്പ ക്രമീകരിച്ച ബാങ്കുകളുമുണ്ട്. നിർമാണ കാലാവധിയുടെ അടുത്തമാസം മുതൽ വായ്പയുടെ തിരിച്ചടവും ആരംഭിക്കേണ്ടതുണ്ട്. ആറ് മാസമാണ് പൊതുവായി നിർമാണത്തിന് അനുവദിച്ച കാലയളവ്.
ലോക്ഡൗൺ പ്രഖ്യാപിക്കുന്ന വേളയിൽ നിർമാണം എത്തിനിന്ന ഘട്ടത്തിൽനിന്ന് പ്രവൃത്തി പുനരാരംഭിക്കാൻ പലർക്കുമായിട്ടില്ല.
ബാങ്ക് നിർദേശിക്കുന്ന ഘട്ടത്തിലെത്തിയാൽ മാത്രമാണ് വായ്പയുടെ അടുത്ത ഗഡു ലഭ്യമാകുക എന്നിരിക്കെ അതിനും വഴിയില്ലാത്ത അവസ്ഥയിലാണ്. നിർമാണ സാമഗ്രികളുടെ ദൗർലഭ്യത്തോടൊപ്പം തൊഴിലാളി ക്ഷാമവും അനുഭവപ്പെടുന്നതായി കരാറുകാരും പറയുന്നു. പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തിൽ തൊഴിലാളികൾക്ക് എത്തിപ്പെടാൻ കഴിയാത്തതും അന്തർ സംസ്ഥാന തൊഴിലാളികളെ ലഭ്യമാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
