നീലേശ്വരം: പൊടോതുരുത്തിയിലെ എട്ടോളം വീടുകൾക്കുനേരെ നടന്ന ആക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും കുറ്റസമ്മത മൊഴിയായി അക്രമി എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെത്തി. പൊടോതുരുത്തി സ്വദേശിയും നഗരസഭാധ്യക്ഷയുമായ ടി.വി. ശാന്തയുടെ വീടിന് മുന്നിൽ തൂക്കിയിട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്. തനിക്ക് തെറ്റുപറ്റിയെന്നും ലഹരിയിൽ ചെയ്തുപോയതിന് മാപ്പുനൽകണമെന്നുമാണ് കത്തിൽ എഴുതിയത്.
ആരാണ് അക്രമത്തിനു പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കത്ത് പൊലീസിന് കൈമാറിയെന്നും ചെയർപേഴ്സൻ ടി.വി. ശാന്ത പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് പൊടോതുരുത്തിയിലെ എട്ടോളം വീടുകൾ പെയിെൻറാഴിച്ച് വികൃതമാക്കിയത്. കൂടാതെ വീട്ടിന് മുന്നിൽ നിർത്തിയിട്ട ബൈക്കുകളും നശിപ്പിച്ചു. പി. ഭാസ്കരെൻറ മകളുടെ സൈക്കിൾ മോഷ്ടിച്ച് സമീപത്തെ കുളത്തിൽ തള്ളി. നിരവധി പേരുടെ വീട്ടുപറമ്പിലെ ചെടിച്ചട്ടികളും നശിപ്പിച്ചിരുന്നു.