വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കും
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. സമ്മതിദായകർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഡിസംബർ ഒമ്പത്, 11 തീയതികളിൽ ബന്ധപ്പെട്ട ജില്ലകളിൽ പൊതുഅവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച അവധിയും അനുവദിക്കണം. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ, ഇതര വിഭാഗം ജീവനക്കാർക്കുകൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകാൻ തൊഴിൽ ഉടമകൾക്ക് നിർദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 11 നുമാണ് അവധി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
വോട്ടർ പട്ടിക വെബ്സൈറ്റിൽ വേഗം കണ്ടെത്താം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക വേഗം സെർച് ചെയ്ത് കണ്ടെത്താനുള്ള സൗകര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ സജ്ജമാക്കി. https://sec.kerala.gov.in/voter/search/choose ൽ പട്ടിക പരിശോധിക്കാം. സംസ്ഥാനതലം, തദ്ദേശതലം, വാർഡ് തലം എന്നിങ്ങനെ മൂന്ന് തരത്തിൽ പട്ടിക തെരയാം. തദ്ദേശ സ്ഥാപനത്തിന്‍റെ പേരും വോട്ടറുടെ പേരും നൽകിയാലും എവിടെയാണ് വോട്ടെന്ന് കണ്ടെത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

