ഫിഫ ലോകകപ്പ് ഫൈനൽ: കേരളത്തിന് പിന്നാലെ മേഘാലയയിലും അവധി പ്രഖ്യാപിച്ചു
text_fieldsഷില്ലോങ്: ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വിദ്യാർഥികൾക്ക് മത്സരം ആസ്വദിക്കാൻ അവസരമൊരുക്കി കേരളത്തിന് പിന്നാലെ മേഘാലയ സർക്കാരും അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച (ജൂലൈ 20) സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധിയായിരിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഫുട്ബോളിനോടുള്ള മേഘാലയയിലെ ജനങ്ങളുടെ അദമ്യമായ അഭിനിവേശം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മത്സരം കണ്ട് വൈകി ഉറങ്ങുന്ന വിദ്യാർഥികൾക്ക് പിറ്റേദിവസം രാവിലെ ക്ലാസുകളിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
നാളെ പുലർച്ചെ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ കാണാൻ കേരളത്തിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം. തിങ്കളാഴ്ച പുലർച്ചെ അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരമാണ് നടക്കുന്നത്. പുലർച്ചെ വരെ നീളുമെന്നതിനാൽ നാളെ സ്കൂളിൽ പോകേണ്ട കുട്ടികളെ ഇത് ബാധിക്കുമെന്ന് പലഭാഗത്തു നിന്നും പരാതികൾ ഉയർന്നിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവധി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പകരം മറ്റൊരു ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയാൽ മതിയെന്ന നിർദേശവും മുന്നോട്ടു വെച്ചു. സാങ്കേതിക കാരണങ്ങൾ കണക്കിലെടുത്താണ് ആദ്യം അവധി അനുവദിക്കാതിരുന്നത്. ഫൈനലിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കുട്ടി ആരാധകർക്ക് ആവേശം പകരുന്നതാണ് സർക്കാറിന്‍റെ പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

