കേരളത്തിൽ ബി.ജെ.പിക്ക് ചരിത്ര മുന്നേറ്റം; മൂന്ന് സിറ്റുകളിൽ വിജയം; തലസ്ഥാനത്ത് വെന്നിക്കൊടി പാറിച്ച് രാജീവ് ചന്ദ്രശേഖറും മുരളീധരനും
text_fieldsതിരുവനന്തപുരം: കേരള നിയമസഭ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഭാരതീയ ജനതാ പാർട്ടി. മൂന്ന് സീറ്റുകൾ നേടിയാണ് ബി.ജെ.പി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക സാന്നിധ്യമായത്. തിരുവനന്തപുരം ജില്ലയിലെ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലും കൊല്ലം ജില്ലയിലെ ചാത്തന്നൂരിലുമാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്.
തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയം സ്വന്തമാക്കി. കടുത്ത പോരാട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിയെ 3,590 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ സഭയിലെത്തുന്നത്. ശക്തമായ ത്രികോണ മത്സരത്തിലൂടെയാണ് കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിച്ചത്.
കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാർത്ഥി വി. മുരളീധരൻ സി.പി.എം സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനെ നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. ചാത്തന്നൂർ മണ്ഡലത്തിൽ ബി.ബി. ഗോപകുമാറും വിജയിച്ചു. സി.പി.ഐയുടെ ആർ രാജേന്ദ്രനെ 4,300 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് നേടിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇത്തവണ വിജയക്കൊടി പാറിക്കാൻ ബി.ജെ.പിക്ക് സാധിച്ചു.
അതേസമയം പാലക്കാട് ശോഭ സുരേന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് പിഷാരടിയോട് പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ.കെ.എം. അഷറഫും പരാജയപ്പെടുത്തി.
സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ബി.ജെ.പിക്ക് മൂന്ന് സീറ്റുകൾ നേടാനായി. ഏകദേശം 16 ശതമാനത്തോളം വോട്ട് വിഹിതം ഇത്തവണ എൻ.ഡി.എ സഖ്യം നേടിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വിജയങ്ങൾ ബി.ജെ.പിക്ക് കേരളത്തിൽ ഇതുവരെ ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

