എം.എം മണിയുടെ നാക്കാണ് അദ്ദേഹത്തിന്‍റെ ശത്രു- തിരുവഞ്ചൂർ രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിക്കെതിരെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണി വീണിടത്ത് കിടന്ന് ഉരുളുകയാണ്. യഥാര്‍ത്ഥത്തില്‍ എം.എം മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണ്. അത് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം തന്നെ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഞങ്ങളാരും എടുത്ത് തലയില്‍ വച്ച് കൊടുത്തതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മണക്കാട് നടന്ന പാര്‍ട്ടി യോഗത്തില്‍ മണി തന്നെ നടത്തിയ വണ്‍ ടൂ ത്രീ പ്രസംഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. അക്കാര്യം മണി അന്ന് നിഷേധിച്ചിരുന്നല്ല. വ്യക്തി വിരോധത്തിന്റെ പേരിലല്ല കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് എം.എം മണിക്കെതിരെ താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കേസെടുത്തത്.
ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ അപമാനിക്കുക എന്നത് എം.എം മണിയുടെ സ്വഭാവമാണ്. നിറത്തിന്റെ കാര്യത്തില്‍ താനും അദ്ദേഹവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല. എന്നെക്കാള്‍ കുറച്ചുകൂടി കൃഷ്ണനാണ് എം.എം. മണി. നിലവാരം വിട്ടിട്ടുള്ള ഒരു വിമര്‍ശനത്തിനും താനില്ല. അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ വഞ്ചകനാണ് എന്ന മണിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി 1982 ലാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇന്നലെ എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എം.എം മണിയെ കൂടാതെ ഒജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരെയും കോടതി കുറ്റവിമുക്തരാക്കി.
2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം.എം മണി അഞ്ചേരി ബേബിയുടെ കൊലപാതകത്തെ 123 എന്ന് അക്കമിട്ട് സൂചിപ്പിച്ചിരുന്നു. ഈ പ്രസംഗം വിവാദമായതോടെയാണ് എം.എം മണിയെ കേസിലെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് എം.എം മണിയെ പൊലീസ് അറസ്റ്റു ചെയ്തു. 1988ല്‍ ഈ കേസിലെ 9 പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

