'തെരഞ്ഞെടുപ്പിൽ ഹിന്ദുക്കൾ ഒരുമിക്കണം, ജയിക്കാനായില്ലെങ്കിൽ ഒന്നാം നമ്പർ ശത്രുവിനെ തോൽപ്പിക്കാൻ രണ്ടാം നമ്പർ ശത്രുവിനൊപ്പം നിൽക്കണം'; ടി.പി.സെൻകുമാർ
text_fieldsതിരുവനന്തപുരം: തിരുനാവായ കുംഭമേള തടയാനുള്ള സംസ്ഥാന സർക്കാർ ശ്രമം പ്രതിഷേധാർഹമാണെന്ന് മുൻ ഡി.ജി.പിയും സംഘ്പരിവാർ സഹയാത്രികനുമായ ടി.പി.സെൻകുമാർ. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴക്ക് കുറുകെ താത്കാലിക പാലം നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു സെൻകുമാറിന്റെ പ്രതികരണം.
അതേസമയം, കലക്ടറുമായി നടത്തിയ ചർച്ചക്കൊടുവിൽ പാലം നിർമിക്കാൻ വാക്കാൽ അനുമതി ലഭിക്കുകയും നിർമാണം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റു മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ തടസ്സമില്ലാതെ നടക്കുമ്പോൾ ഹൈന്ദവ സമൂഹത്തിന്റെ ആഘോഷം തടയുന്നത് തികച്ചും തെറ്റാണെന്നും സെൻകുമാർ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഹൈന്ദവനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമുള്ള ഒരു സ്ഥലമാണ്. ദേശത്തിന്റെ രക്ഷയക്കും ജനങ്ങളുടെ അഭിവൃദ്ധിക്കുമായി ബ്രഹ്മദേവൻ യാഗം ചെയ്ത ഭൂമിയാണ് എന്നാണ് വിശ്വാസം. ഓരോ 12 വർഷം കൂടുമ്പോഴും മഹാമാഘം നടക്കുന്നത്. ഏകദേശം 250 വർഷം മുൻപ് ബ്രിട്ടീഷുകാരുടെ വരവോടു കൂടിയാണ് ഇത് നിർത്തലാക്കപ്പെട്ടത്. ഒരു ഹൈന്ദവ ആചാരം പുനരുജ്ജീവിപ്പിക്കുമ്പോൾ അതിന് എതിരായി നിൽക്കുന്നത് എന്തിനാണെന്ന് സെൻകുമാർ ചോദിക്കുന്നു.
ഹൈന്ദവ ആചാരങ്ങൾ എവിടെയുണ്ടോ അതെല്ലാം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. അതിന് എല്ലാ പിന്തുണയും കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ലഭിക്കുന്നു. ഭാരതത്തിൽ ഭൂരിപക്ഷം ഹിന്ദുക്കൾ ഉള്ളതുകൊണ്ടാണ് മതേതരത്വം നിലനിൽക്കുന്നത്. മറ്റൊരു മതത്തിന്റെ ഭൂരിപക്ഷം ആയാൽ എന്ത് സംഭവിക്കുമെന്ന് ചുറ്റുമൊന്ന് നോക്കിയാൽ കാണാമെന്നും സെൻകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഹൈന്ദവ സമൂഹം ഒരുമിച്ചാൽ തന്നെ ബാക്കിയെല്ലാം ശരിയാകും. പലപ്പോഴും തെരഞ്ഞെടുപ്പിൽ ഒന്നാം നമ്പർ ശത്രുവിനെ ചിലയിടത്ത് പരാജയപ്പെടുത്തുവാൻ രണ്ടാം നമ്പർ ശത്രുവിനെ വിജയിപ്പിക്കേണ്ടി വരും. എന്നാലെ ഒന്നാം നമ്പർ ശത്രു പഠിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ജയിക്കാൻ സാധിച്ചില്ലെങ്കിലും തോൽപ്പിക്കാൻ സാധിക്കുന്ന വോട്ടുണ്ട് അതുകൊണ്ട് അങ്ങനെ വോട്ട് ചെയ്യുക എന്നുള്ളതാണ് മാർഗമെന്നും സെൻകുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

