'സുരേഷ് ഗോപിക്ക് പാർട്ടി എന്താണെന്നറിയില്ല, മാധ്യമങ്ങളുടെ മെക്കിട്ട് കയറാനും മസിലുപിടിച്ച് നടക്കാനുമല്ലാതെ'; നിലമ്പൂരിൽ ഹിന്ദുമഹാസഭക്ക് കിട്ടുന്ന ഒരോ വോട്ടും ബി.ജെ.പിക്കുള്ള അടിയെന്ന് സ്വാമി ഭദ്രാനന്ദ
text_fieldsമലപ്പുറം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും രൂക്ഷമായി വിമർശിച്ച് അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഹിന്ദുമഹാസഭയുടെ സ്ഥാനാർഥിയെ പരിചയപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സനാതന ധർമത്തെ വിറ്റുകശാക്കി ഹിന്ദുത്വം പറഞ്ഞു കൊണ്ട് നടക്കുന്ന ബി.ജെ.പിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും നിലമ്പൂരിൽ ഹിന്ദുമഹാസഭക്ക് കിട്ടുന്ന ഒരോ വോട്ടും കപട ബി.ജെ.പിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ സ്വദേശിയായ സതീഷ് എന്നയാളാണ് സ്ഥാനാർഥിയാകുന്നത്. അദ്ദേഹം സ്വയം സേവകനാണെന്നാണ് സ്വാമി ഭദ്രാനന്ദ അവകാശപ്പെടുന്നത്.
നിലമ്പൂരിൽ മത്സരിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്നാണ് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. എന്താ ഇവിടെയുള്ളവർ അടിമകളും പട്ടികളുമാണോയെന്ന് അദ്ദേഹം ചോദിച്ചു. ജനസംഘിന്റെ നേതാക്കൾ ഇവിടെ നിന്നാണ് ഉണ്ടായത്. ഇവിടെത്തെ പോരാളികളാണ് ബി.ജെ.പിയെ വളർത്തികൊണ്ടുവന്നതെന്നും പറഞ്ഞു.
ഹിന്ദുമഹാസഭയെ ഈർക്കിൾ പാർട്ടിയെന്ന് വിളിച്ച സുരേഷ് ഗോപിയേയും കടുത്ത ഭാഷയിൽ വിമർശിച്ചു. 'സുരേഷ് ഗോപിക്ക് പാർട്ടി എന്താണെന്നും രാഷ്ട്രീയം എന്താണെന്നും അറിയില്ല, മാധ്യമങ്ങളുടെ മെക്കിട്ട് കയറാനും മസിലുപിടിച്ചു നടക്കാനും അല്ലാതെഇതൊന്നുമല്ല ഇന്ത്യൻ രാഷ്ട്രീയം. കുറച്ച് അവിടെന്നും ഇവിടെന്നും എന്തെങ്കിലും എഴുതിവാങ്ങി അത് പാർലമെന്റിൽ സംസാരിച്ചാൽ അത് പൊളിറ്റിക്സ് ആകില്ല. സുരേഷ് ഗോപിയെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ടാകും. ഇപ്പോ പറയുന്നില്ല'- സ്വാമി ഭദ്രാനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

