'അച്ചോ വേലയങ്ങ് കൈയിലിരിക്കട്ടെ, വെറുതെയല്ല ഉത്തരേന്ത്യയിൽ ആളുകൾ മുതുകത്ത് കയറുന്നത്'; ഓർത്തഡോക്സ് സഭാധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദുഐക്യവേദി
text_fieldsകെ.പി.ശശികല, ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ, മഞ്ഞപ്ര സുരേഷ്
കൊച്ചി: ഹിന്ദുക്കളും ഇന്ത്യയിൽ കുടിയേറി പാർത്തവരാണെന്ന ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ പരാമാർശത്തിന് മറുപടിയുമായി ഹിന്ദു ഐക്യവേദി. സഭാധ്യക്ഷന്റെ വാക്കുകൾ സംഘർത്തിന്റെതാണെന്നും ഉത്തരേന്ത്യയിൽ ആളുകൾ നിങ്ങളുടെ മുതുകത്ത് കയറുന്നത് വെറുതയല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു.
"മാക്സ് മുള്ളറുടെ ചരിത്രമാണ് ഇപ്പോഴും സഭകളിൽ ചർച്ച ചെയ്യുന്നത്. ആര്യൻ ആക്രമണ സിദ്ധാന്തത്തിന്റെ ചുവട് പിടിച്ച് ഹിന്ദുക്കൾ വിദേശികളാണെന്ന് സ്ഥാപിക്കണം. വിദേശികളാണ് ഇന്ത്യയിൽ ജീവിക്കുന്നവരെന്ന് പറഞ്ഞു പരത്തുമ്പോൾ വിദേശ മതങ്ങളുടെ കടന്നുകയറ്റം ശരിവെക്കുകയും മതാവകാശം സ്ഥാപനവൽകരിക്കുകയും ചെയ്യും. ഇസ്ലാം മതത്തിന്റെ കടന്നുകയറ്റവും ലക്ഷ്യം വെക്കുന്നത് ഇതേ മതാവകാശം തന്നെയാണ്. സാംസ്കാരിക ദേശീയതയ്ക്കുള്ളിൽ മതാവകാശത്തിന്റെ യുദ്ധഭൂമിയാക്കി മാറ്റുകയല്ലാതെ ഇവരുടെ ലക്ഷ്യം മനുഷ്യനന്മയല്ലെന്നുള്ളത് സത്യം. വ്യാപാര വിനിമയ കാര്യങ്ങളിൽ വിദേശികൾ ഭാരതത്തിൽ വന്നിരുന്നു. ആക്രമിക മതാധിനിവേശത്തിന് വ്യക്തമായ ചരിത്രമുണ്ട്. അതുകൊണ്ട് അച്ചോ വേലയങ്ങ് കയ്യിലിരിക്കട്ടെ, സഭാധ്യക്ഷന്റെ വാക്കുകൾ സംഘർഷത്തിന്റെതാണ്. വെറുതെയല്ല ഉത്തരേന്ത്യയിൽ ആളുകൾ മുതുകത്ത് കയറുന്നത്."-ഹിന്ദു ഐക്യവേദി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഹിന്ദു ഐക്യവേദിയുടെ മുഖ്യരക്ഷാധികാരി കെ.പി.ശശികലയും ഓർത്തഡോക്സ് സഭാധ്യക്ഷനെ രൂക്ഷമായി വിമർശിച്ചു. "പാതിരിക്ക് എന്തും പറയാം കാരണം പാതിരിയുടെ കൈയിൽ മറ്റത് ഉണ്ടല്ലോ, അതേന്നേ.. ന്യൂനപക്ഷമെന്ന തുരുപ്പ് ചീട്ട്, പാതിരി നട്ടുച്ചക്ക് നട്ടപ്പാതിരയെന്നു നട്ടപ്രാന്ത് പറഞ്ഞാൽ നടുറോട്ടിൽ പായ വിരിച്ച് കിടക്കുന്ന ഇവിടുത്തെ രാഷ്ട്രീയമാണ് പാതിരിയുടെ കരുത്ത്, എഡി 52 എന്നത് പാതിരിയെ സംബന്ധിച്ച് ചരിത്രാതീത കാലമാകും. ചിരട്ടയിലെ വെള്ളം ഉറുമ്പിന് സമുദ്രമാണല്ലോ. 2000 കൊല്ലത്തെ ചരിത്രമല്ലേ പാതിരിയുടെ ആകെയുള്ള കൈ മുതൽ. ആറു ദിവസം മിനക്കെട്ട് പരത്തി ചുട്ടെടുത്ത ഭൂമിയും അബദ്ധപഞ്ചാംഗമായ ഒരു പുത്തകവും ഏച്ചു കൂട്ടിയെടുത്ത കുറേ കഥകളുമായി കൊതുക് മൂളിപ്പറക്കുന്നതു പോലെ പറന്നു നടന്നോളു. പക്ഷേ കടിക്കാൻ വന്നാൽ. മറ്റുള്ളവർ അവരുടെ കൈവീശാതെ നോക്കേണ്ടിവരും."- ശശികലയും പറഞ്ഞു.
പനയമ്പാല സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ ശതാബ്ദിച്ചടങ്ങിൽ സംസാരിക്കവെയാണ് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ പ്രസ്താവന.
"വിദേശികളാരും ഇവിടെ പാടില്ലെന്ന് ആർഎസ്എസ് പറയുന്നു. എത്ര തെറ്റാണ് ഇവർ പറയുന്നത്. ക്രിസ്തുവിനുമുൻപ് 2000 ബിസിയിൽ ഇറാനിൽനിന്ന് ഇവിടെ കുടിയേറിപ്പാർത്ത ആര്യന്മാർ ബ്രാഹ്‌മണീയ ആരാധന ഉണ്ടാക്കിക്കഴിഞ്ഞ് രൂപപ്പെട്ടതാണ് ഹിന്ദുമതം. ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഇല്ല, ഒരു ഹിന്ദുവും ഇല്ല. എല്ലാവരും ഇറാൻ പ്രദേശത്തുനിന്ന് വന്നവരാണ്. അന്ന് സിന്ധുനദീതടസംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു. അത് ക്രിസ്തുവിന് മുൻപ് 4000 ബിസിയിൽ ദ്രാവിഡന്മാർ മുഖാന്തരം ഉണ്ടായതാണ്. ദ്രാവിഡന്മാരും ഇവിടത്തുകാരല്ല.
എഡി 52 മുതൽ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്താനികൾ. ഈ രാജ്യത്തെ പൗരന്മാരാണ്. ഇവിടെ ഇസ്രയേലിൽനിന്നുള്ള ക്രിസ്ത്യാനികളില്ല. അറബി രാജ്യങ്ങളിൽനിന്നുള്ള ക്രിസ്ത്യാനികളില്ല. ഈ ഒറിജിൻ ഉള്ളവരാണ്. മുസ്ലിങ്ങളും അങ്ങനെത്തന്നെ. വിദേശികൾ പോകണമെന്നു പറയുന്നത് അറിവില്ലായ്മയാണ്. ആ അറിവില്ലായ്മയ്ക്ക് ഓശാനപാടുന്ന ഭരണകൂടം ഇവിടെയുള്ളപ്പോൾ ന്യൂനപക്ഷങ്ങൾ തമസ്‌കരിക്കപ്പെടും.
ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർഎസ്എസിന്റെ ആപ്തവാക്യമുണ്ടെങ്കിൽ അത് ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല. ക്രിസ്ത്യാനികൾക്ക് അതിനുവേണ്ടി രക്തസാക്ഷികളാകുന്നതിന് ഒരു മടിയുമില്ല."-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

