സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി; പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയെന്ന് ആർ.വി. ബാബു
text_fieldsകോഴിക്കോട്/കോട്ടയം: ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. സണ്ണി എം. കപിക്കാടിന് സാമ്പത്തിക സഹായവും വേദികളും നൽകുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ആരോപിച്ചു. കോട്ടയത്ത് സണ്ണി കപിക്കാടിന്റെ ശബരിമല വിവാദ പ്രസംഗത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചത്.
ഡോ. ബി.ആർ. അംബേദ്കറുടെ വാക്കുകളെയും പ്രസ്താവനകളെയും ദുർവ്യാഖ്യാനം ചെയ്ത് ഹൈന്ദവ സമൂഹത്തിനെതിരെ വിഷം ചീറ്റുകയാണ് സണ്ണി കപിക്കാട് ചെയ്യുന്നതെന്ന് ആർ.വി. ബാബു കുറ്റപ്പെടുത്തി. ജാതി പറഞ്ഞ് ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ഇത്തരക്കാരുടെ ലക്ഷ്യം.
ദലിത്, പട്ടികജാതി, പട്ടികവർഗ്ഗ സമൂഹത്തിന്റെ സംരക്ഷകൻ എന്ന വ്യാജേന ഇസ്‍ലാമിക പ്രസ്ഥാനങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ദലിത് സമൂഹത്തെ തീവ്രവാദ ശക്തികൾക്ക് കൂട്ടിക്കൊടുക്കുന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്നുകൊണ്ടാണ് ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അദ്ദേഹം തുടർച്ചയായി അധിക്ഷേപിക്കുന്നതെന്നും ബാബു ആരോപിച്ചു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പന്തളം പൊലീസിൽ പരാതി നൽകി.
അതേസമയം, വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സണ്ണി എം. കപിക്കാട് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ശബരിമല അയ്യപ്പനെക്കുറിച്ചോ മാളികപ്പുറത്തമ്മയെക്കുറിച്ചോ ഭക്തജനങ്ങൾക്കെതിരേയോ മോശമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ, പ്രസംഗത്തിൽ ഉപയോഗിച്ച ചില വാക്കുകളെക്കുറിച്ചുള്ള ജാഗ്രതക്കുറവിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ആർക്കെതിരേയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

